നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: പിതാവും സിദ്ധനും അറസ്റ്റില്‍

മുക്കം: നവജാത ശിശുവിന് അഞ്ചു ബാങ്കുവിളി സമയംവരെ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവും ഉപദേശം നല്‍കിയ സിദ്ധനും അറസ്റ്റില്‍. കുട്ടിയുടെ പിതാവ് ഓമശ്ശേരി ചക്കാനക്കണ്ടി അബൂബക്കര്‍ (32), കളന്‍തോടിലെ സിദ്ധന്‍ ഹൈദ്രോസ് തങ്ങള്‍ (75) എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 87 വകുപ്പുകളാണ് പിതാവിനെതിരെ ചുമത്തിയത്.

പ്രേരണ നല്‍കിയതാണ് സിദ്ധനെതിരായ കുറ്റം. ഇരുവരെയും തിങ്കളാഴ്ച വരെ താമരശ്ശേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പ്രസവം നടന്ന മുക്കം ഇ.എം.എസ് ആശുപത്രിയിലെ നഴ്സിന്‍െറ പരാതിയിലാണ് പൊലീസ് നടപടി. കേസെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമീഷനും നിര്‍ദേശിച്ചിരുന്നു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു ആദ്യം പൊലീസ്.

കഴിഞ്ഞ ബുധനാഴ്ചയാണ് അബൂബക്കറിന്‍െറ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ യുവതി വിസമ്മതിച്ചതോടെയാണ് സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവം പുറത്തായത്. അഞ്ചു ബാങ്ക്വിളി നേരം കഴിഞ്ഞശേഷമേ മുലപ്പാല്‍ കൊടുക്കാവൂവെന്ന് പറഞ്ഞാണ് ഇവര്‍ വാശിപിടിച്ചത്. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും എത്ര പറഞ്ഞിട്ടും കുട്ടിക്ക് മുലപ്പാല്‍ നല്‍കിയില്ല.

 പിറന്നുവീണ കുട്ടിക്ക് മുലപ്പാല്‍ നിഷേധിച്ചതോടെ ജില്ല കലക്ടറും പ്രശ്നത്തിലിടപെട്ടു. ഒടുവില്‍ സിദ്ധന്‍ നിര്‍ദേശിച്ചപോലെ അഞ്ച് ബാങ്ക്വിളി നേരം കഴിഞ്ഞ് പിറ്റേന്ന് ഉച്ചയോടെയാണ് മുലപ്പാല്‍ നല്‍കിയത്. കളന്‍തോടിലെ  മുഷ്താരി വളപ്പിലെ വീട്ടിലത്തെിയാണ് സിദ്ധനെ അറസ്റ്റ് ചെയ്തത്. അബൂബക്കറിനെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കാലങ്ങളായി മന്ത്രവാദം നടത്തി കഴിയുകയാണ് ഹൈദ്രോസ് തങ്ങളെന്നും സ്ഥാപനത്തിനെതിരെ ആരും പരാതി നല്‍കിയിട്ടില്ളെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സിദ്ധനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, ഐ.എസ്.എം സംഘടനകള്‍ കളന്‍തോടിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

Tags:    
News Summary - breast feeding issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.