സി.പി.എമ്മിൽ പൊട്ടിത്തെറി; കുട്ടനാട്ടിൽ വീണ്ടും കൂട്ടരാജി

കുട്ടനാട്: കടുത്ത വിഭാഗീയതക്കും കൂട്ടരാജിക്കും പിന്നാലെ കുട്ടനാട് സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി. ജനപ്രതിനിധികളടക്കം കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍നിന്ന് 294 പേര്‍ സി.പി.എമ്മില്‍നിന്നും രാജിവെച്ച് സി.പി.ഐയില്‍ ചേരാനൊരുങ്ങുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ 224 പേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മിറ്റി സ്ഥിരീകരിച്ചു. ഇതിൽ 70 പേര്‍ നേരത്തേ അപേക്ഷ നല്‍കിയവരാണ്.

നേരത്തേ വിമതനീക്കത്തിന് ചുക്കാന്‍ പിടിച്ച രാമങ്കരിയില്‍ നിന്നാണ് പുതിയ വിവാദത്തിന് തിരികൊളുത്തല്‍. രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും 19 എല്‍.സി അംഗങ്ങളും ഉള്‍പ്പെടെയാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേരാന്‍ അപേക്ഷ നല്‍കിയത്.

രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റും കെ.എസ്.കെ.ടി.യു ജില്ല ജോയന്‍റ് സെക്രട്ടറിയുമായ ആര്‍. രാജേന്ദ്രകുമാര്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഏരിയ കമ്മിറ്റി അംഗവുമായ എ.എസ്. അജിത്, ഏരിയ കമ്മിറ്റി അംഗം വി.കെ. കുഞ്ഞുമോന്‍, ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ ജില്ല വൈസ് പ്രസിഡന്‍റ് എന്‍.ഡി. ഉദയകുമാര്‍ അടക്കമുള്ളവരാണ് സി.പി.ഐയിലേക്ക് പോകുമെന്ന് അറിയിച്ച പ്രമുഖര്‍.

രാമങ്കരി-89, മുട്ടാര്‍-81, തലവടി-68, കാവാലം- 45, വെളിയനാട്-11 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ നിന്ന് സി.പി.എം വിട്ട് സി.പി.ഐയിലേക്ക് ചേരുന്നതെന്ന് പാര്‍ട്ടി മാറ്റത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനികളായ ആര്‍. രാജേന്ദ്രകുമാറും എ.എസ്. അജിതും പറഞ്ഞു. പാര്‍ട്ടി നേരായ മാര്‍ഗത്തിലല്ല കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയെ നേര്‍വഴിക്ക് നീക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു.

സംസ്ഥാന നേതൃത്വം അടക്കം ഞങ്ങള്‍ക്ക് അനുകൂല നിലപാടെടുത്തിട്ടും ജില്ല നേതൃത്വം ഇടപെട്ട് തിരുത്താന്‍ തയാറാവുന്നില്ല. നൂറിലധികംപേര്‍ അടുത്ത ഘട്ടത്തില്‍ പാര്‍ട്ടി വിടാന്‍ തയാറായി നില്‍ക്കുന്നുണ്ട്. ഇടതുപക്ഷ ആശയത്തില്‍തന്നെ അടിയുറച്ച് പ്രവര്‍ത്തിക്കാനാണ് താൽപര്യം. അതുകൊണ്ടാണ് സി.പി.ഐയില്‍ ചേരാന്‍ തീരുമാനിച്ചത് - ഇരുവരും പറഞ്ഞു. സി.പി.ഐയിലേക്ക് ചേരാന്‍ 224 പേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി ടി.ഡി. സുശീലന്‍ പറഞ്ഞു.

കുട്ടനാട്ടിലെതന്നെ തകഴിയിയില്‍നിന്നും 70 പേര്‍ നേരത്തേ പാര്‍ട്ടിയില്‍ ചേരാന്‍ അപേക്ഷ തന്നിരുന്നു. ഇവരുടെ മുന്‍പരിചയം പരിശോധിച്ച് മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. അംഗത്വം ചേര്‍ക്കുന്ന സമയമല്ലാത്തതിനാല്‍ ഇടക്കാല അംഗത്വമാവും അനുവദിക്കുക. സംസ്ഥാന കൗണ്‍സിലാണ് അന്തിമ തീരുമാനം എടുക്കുന്നത് - സുശീലന്‍ പറഞ്ഞു. അതേസമയം, വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് സി.പി.എം കുട്ടനാട് ഏരിയ സെക്രട്ടറി ജി. ഉണ്ണികൃഷ്ണന്‍.

Tags:    
News Summary - Breakout in CPM; Collective resignation again in Kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.