100 കോടി പിഴ അടയ്ക്കാനാകില്ലെന്ന് കൊച്ചി മേയർ; നിയമനടപടിയുമായി മുന്നോട്ട് പോകും

കൊച്ചി: ബ്രഹ്മപുരം മാലിന്യ തീപിടിത്തത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി കോർപറേഷന് ചുമത്തിയ 100 കോടി പിഴ അടക്കാനാകില്ലെന്ന് മേയർ എം അനിൽ കുമാർ. സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുൻ മേയർമാരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. മലിനീകരണ​ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല’ -മേയർ പറഞ്ഞു. കോർപറേഷൻ എല്ലാം ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു.

വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറഞ്ഞിരുന്നു. തുക തീപിടിത്ത ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെ കോർപറേഷന് നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കും.

മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശിച്ചിട്ടുണ്ട്.

ആവർത്തിച്ചാൽ 500 കോടി രൂപ പിഴ ചുമത്തുമെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചത്. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രിബ്യൂണലിന് സംസ്ഥാനം സമർപ്പിച്ചിരുന്നു.

Tags:    
News Summary - Kochi Mayor says 100 crore fine cannot be paid; Will proceed with legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.