അതിര്‍ത്തി ഗ്രാമങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതി


പാലക്കാട്: തലൈവിയുടെ വേര്‍പാടില്‍ മനമുരുകി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍. തമിഴകത്തിന്‍െറ പ്രിയ അമ്മയുടെ വിടവാങ്ങല്‍ പാലക്കാട് ജില്ലയിലെ തമിഴ് കുടുംബങ്ങളില്‍ മൂകത പടര്‍ത്തി.

പാര്‍ട്ടിയുടെ ജീവശ്വാസമായിരുന്ന ജയലളിതയുടെ നിര്യാണം എ.ഐ.എ.ഡി.എം.കെ കേന്ദ്രങ്ങളെ നിശ്ചലമാക്കി. ദു$ഖം സഹിക്കാതെ വേലന്താവളത്തെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തല മുണ്ഡനം നടത്തി.
 പുതുശ്ശേരി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ അനുശോചനവും മൗനജാഥയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രിയനേതാവിനെ അനുസ്മരിച്ചു.

തമിഴ് കേന്ദ്രങ്ങളില്‍ ജയലളിതയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തി കുടുംബങ്ങള്‍ തലൈവിക്ക് അന്ത്യമൊഴി നല്‍കി. തമിഴ് തൊഴിലാളി കുടുംബങ്ങളേറെയുള്ള നെല്ലിയാമ്പതിയിലെ തോട്ടം മേഖല ശോകമൂകമായിരുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ തലൈവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടി.

പാലക്കാട് നഗരത്തില്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗവും മൗനജാഥയും നടന്നു.
അതിര്‍ത്തിപ്രദേശങ്ങളായ ചിറ്റൂര്‍ താലൂക്കിലെ ഗോവിന്ദാപുരം, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. നിരത്തുകള്‍ ഒഴിഞ്ഞുകിടന്നു. തമിഴ്നാട്ടിലേക്കും തിരിച്ചും വാഹനങ്ങള്‍ ഓടിയില്ല.

അട്ടപ്പാടി ആനക്കട്ടിയിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും തമിഴ്നാട് അതിര്‍ത്തിയില്‍ സര്‍വിസ് അവസാനിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ചിറ്റൂര്‍, പാലക്കാട് ഡിപ്പോകളില്‍നിന്ന് തമിഴ്നാട് വഴിയുള്ള എല്ലാ ഷെഡ്യൂളുകളും റദ്ദാക്കിയിട്ടുണ്ട്.
ബുധനാഴ്ച തമിഴ്നാടില്‍ ബസോട്ടമുണ്ടെങ്കില്‍ മാത്രമേ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് ബസുകള്‍ അയക്കുകയുള്ളൂവെന്ന് ഡി.ടി.ഒ ശംഭു നമ്പൂതിരി അറിയിച്ചു.

Tags:    
News Summary - border places are like a harthal on jayalalitha deayh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.