ഗുരുവായൂരിലെ ബോംബ് ഭീഷണിയെ തുടർന്ന് ക്ഷേത്രപരിസരത്ത് നടത്തിയ പരിശോധന
ഗുരുവായൂര്‍: മാവോവാദി ഒളിവിൽ താമസിക്കുന്നുവെന്ന സന്ദേശത്തിന് പിറകെ ഗുരുവായൂരിൽ ബോംബ് ഭീഷണിയും. 'ക്ഷേത്രത്തില്‍ ബോംബ് വെക്കുമെന്നും തടയാമെങ്കില്‍ തടഞ്ഞോളൂ' എന്നാണ് ഫോണില്‍ സന്ദേശമെത്തിയത്. വ്യാഴാഴ്ച രാത്രി 9.30ന് ക്ഷേത്രത്തിലേക്കാണ് ലാൻഡ് ഫോൺ വഴി വിളി വന്നത്.
ക്ഷേത്രം സെക്യൂരിറ്റി ഓഫിസറെ അന്വേഷിച്ചായിരുന്നു വിളി. ജീവനക്കാര്‍ ഉടന്‍ ടെമ്പിൾ പൊലീസില്‍ വിവരമറിയിച്ചു. സി.ഐ സി. പ്രേമാനന്ദകൃഷ്ണെൻറ നേതൃത്വത്തില്‍ പൊലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫിസിലും പരിശോധന നടത്തി. രാത്രി മുഴുവന്‍ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടര്‍ന്നു. ക്ഷേത്രപരിസരത്ത് കാവൽ ശക്തമാക്കിയിട്ടുണ്ട്.
ബോംബ് ഭീഷണിയെക്കുറിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി വെള്ളിയാഴ്ച ടെമ്പിള്‍ സ്റ്റേഷനില്‍ പരാതി നല്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ ദര്‍ശനത്തിനെത്തിയ എല്ലാ ഭക്തരെയും പ്രത്യേക പരിശോധനക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. ലോഡ്ജുകളിലും ക്ഷേത്രപരിസരത്തെ ഫ്ലാറ്റുകളിലും പാർക്കിങ് ഗ്രൗണ്ടുകളിലും പൊലീസ് പരിശോധന നടത്തി.
വ്യാഴാഴ്ച വൈകീട്ടാണ് മാവോവാദിയുണ്ടെന്ന സന്ദേശം പൊലീസിന് ലഭിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശിനിയായ സുജാത എന്ന പേരിലുള്ള മാവോവാദിയാണ് ഗുരുവായൂരിലെത്തിയിട്ടുള്ളതെന്ന് പൊലീസിെൻറ തിരുവനന്തപുരത്തെ കണ്ട്രോള് റൂമിലേക്ക് സന്ദേശം എത്തിയത്. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല.
മാവോവാദി ഗുരുവായൂരില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന സന്ദേശം ഗൗരവമുള്ളതല്ലെന്നും എന്നാൽ, ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായും ഗുരുവായൂര്‍ അസിസ്റ്റൻറ് പൊലീസ് കമീഷണര്‍ ബിജു ഭാസ്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.