1. കാണാതായ സൂരജ് ലാമ 2. മൃതദേഹം കണ്ടിടത്ത് ആലുവ ഡി.വൈ.എസ്.പി അടക്കമുള്ളവർ പരിശോധനക്കെത്തിയപ്പോൾ

ആലുവയിൽ കാണാതായ സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കളമശ്ശേരിയിൽ കണ്ടെത്തി

കളമശ്ശേരി: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം ആലുവയിൽവെച്ച് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം കളമശ്ശേരിയിൽ കണ്ടെത്തി. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക്​ എതിർവശം കാട് പിടിച്ച ചതുപ്പ് സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10.45 ന് അഗ്നിരക്ഷാസേന ടാസ്ക് ഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്.

നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ്​ ലാമയെ കാണാതായതിനെ തുടർന്ന് ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച 20 അംഗ സംഘം വ്യത്യസ്ത ടീമുകളായി ജില്ലയിലുടനീളം തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിന്‍റെ ഭാഗമായി അഗ്നിരക്ഷാസേനയുടെ സഹായവും തേടിയിരുന്നു.

ബംഗളുരുവിൽ താമസിച്ചിരുന്ന സൂരജ്​ ലാമ ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15നാണ് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയത്. കുവൈത്തിൽ നിന്ന് നാടു കടത്തിയതിനെ തുടർന്നാണ് സൂരജ് ലാമ കൊച്ചിയിൽ വിമാനമിറങ്ങിയത്. കുവൈറ്റ് വിഷമദ്യദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട നിലയിലാണ് കൊച്ചിയിലെത്തിയത്. അലഞ്ഞുനടക്കുന്ന രീതിയിൽ കണ്ട സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ: മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാവുകയായിരുന്നു.

കളമശ്ശേരിയിൽ നടത്തിയ സി.സി.ടി.വി പരിശോധനയിൽ ഒക്ടോബർ പത്തിന് എച്ച്.എം.ടി റോഡ്, എൻ.ഐ.എ ഓഫീസ്​ എന്നിവക്ക്​​ സമീപത്തുകൂടെ കടന്ന് പോകുന്നതായി കണ്ടതായാണ് പൊലീസ് പറഞ്ഞത്. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ പൊലീസും അഗ്നിരക്ഷാ ടാസ്ക് ഫോഴ്​സും രണ്ടായിത്തിരിഞ്ഞ് എച്ച്.എം.ടിക്ക്​ സമീപം കാട് പിടിച്ച ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.ടി കമ്പനിക്ക് എതിർവശം മൃതദേഹം കണ്ടത്.

തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. ഇയാളുടെ ബന്ധുക്കൾ എത്തിയശേഷമേ സ്ഥിരീകരിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. ബംഗളുരുവിൽ നിന്നും ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സാന്റോൺ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്​.

Tags:    
News Summary - Body suspected to be that of Suraj Lama, who went missing in Aluva, found in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.