ബി.എൽ.ഒ രാമചന്ദ്രനെ കുഴഞ്ഞുവീണതിനെ തുടർന്ന് ക്ലിനിക്കിൽ എത്തിച്ചപ്പോൾ
അഞ്ചരക്കണ്ടി (കണ്ണൂർ): എസ്.ഐ.ആർ ചുമതലയിലുള്ള ബി.എൽ.ഒ ജോലി സമ്മർദത്തെതുടർന്ന് കുഴഞ്ഞുവീണു. കീഴല്ലൂർ പഞ്ചായത്ത് 81ാം ബൂത്തിന്റെ ബി.എൽ.ഒ കുറ്റിക്കര സ്വദേശി വലിയ വീട്ടിൽ രാമചന്ദ്രനാണ് (53) കുഴഞ്ഞുവീണത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. കീഴല്ലൂർ യു.പി സ്കൂളിൽ നടന്ന എസ്.ഐ.ആർ ക്യാമ്പിനുശേഷം മകനുമായി വീട്ടിലേക്ക് മടങ്ങവെയാണ് കുഴഞ്ഞുവീണത്.
ഉടൻ ബന്ധുക്കളും മറ്റും ചേർന്ന് അഞ്ചരക്കണ്ടിയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. തുടർന്ന് രാമചന്ദ്രനെ ഡ്രിപ്പിട്ട് ഒരുമണിക്കൂറോളം നിരീക്ഷണത്തിലാക്കി. രക്തസമ്മർദം കൂടിയതും ഉറക്കക്കുറവുമാണ് കുഴഞ്ഞുവീഴാൻ കാരണമായത്. ജോലി സമ്മർദം താങ്ങാനാവാതെ രാമചന്ദ്രൻ ദിവസങ്ങളായി ശാരീരിക അവശതയിലായിരുന്നു. ഡി.ഡി.ഇ ഓഫിസിലെ പി.എഫ് വകുപ്പിലെ ക്ലർക്കാണ് ഇദ്ദേഹം.
356 വീടുകൾ ഉൾക്കൊള്ളുന്ന 1296 വോട്ടർമാരുള്ള പട്ടികയാണ് രാമചന്ദ്രന് പൂർത്തിയാക്കേണ്ടത്. ഇദ്ദേഹത്തിന് ഡോക്ടർ മൂന്നാഴ്ച പൂർണവിശ്രമം നിർദേശിച്ചു. നവംബർ 16ന് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ ഏറ്റുകുടുക്ക ബൂത്ത് ബി.എൽ.ഒ അനീഷ് ജോർജ് ജോലി സമ്മർദത്തെതുടർന്ന് തൂങ്ങിമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.