അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ എസ്.എസ്.എല്‍.സി തൊട്ടറിയാന്‍ നാല്‍വര്‍സംഘം

കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ എസ്.എസ്.എല്‍.സി കടമ്പ താണ്ടാന്‍ തയാറെടുത്ത് നാല്‍വര്‍സംഘം. അക്ഷരങ്ങള്‍ തൊട്ടറിഞ്ഞ് ഇവര്‍ ബുധനാഴ്ച മുതല്‍ പരീക്ഷയെഴുതും. ജന്മനാ കണ്ണിന് കാഴ്ചയില്ലാത്ത സ്വാതിയും അജുവും അനുഷയും അഞ്ജുഷയുമാണ് മറ്റൊരു ജീവിതപരീക്ഷണത്തിന് തയാറെടുക്കുന്നത്. കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളിലാണ് ഇവര്‍ സഹായികളെ ആശ്രയിച്ച് പരീക്ഷയെ നേരിടുന്നത്.

കാളകെട്ടി അസീസി അന്ധവിദ്യാലയത്തില്‍ ഒന്നുമുതല്‍ ഏഴുവരെ പഠിച്ച ഇവര്‍ ഹൈസ്കൂള്‍ പഠനത്തിനായി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളില്‍ എത്തുകയായിരുന്നു. പൂവരണി സന്തോഷ് ഓമന-ദമ്പതികളുടെ മകളായ സ്വാതി പഠനത്തോടൊപ്പം കഥാപ്രസംഗം, സമൂഹഗാനം, ദേശഭക്തി ഗാനം എന്നിവയില്‍ സംസ്ഥാന കലോത്സവത്തില്‍ ഒന്നാംസ്ഥാനവും കഥാപ്രസംഗത്തില്‍ മൂന്നാംസ്ഥാനവും നേടിയിട്ടുണ്ട്.

കാസര്‍കോട് നിലേശ്വരം സ്വദേശി ജോണി-ഏലിയാമ്മ ദമ്പതികളുടെ മകളായ അജുവും ഒന്നാം ക്ളാസുമുതല്‍ അസീസി ആശ്രമത്തിലാണ് പഠനം നടത്തിയത്. ഉപകരണ സംഗീതം, കവിത പാരായണം, ദേശഭക്തിഗാനം, സമൂഹഗാനം എന്നിവയില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
കാഴ്ചയില്ലാത്ത സഹോദരന്‍ അഭി മുമ്പ് കാളകെട്ടി അസീസിയില്‍ പഠിച്ചിരുന്നു. ഇപ്പോള്‍ ബി.എ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്.

സഹോദരങ്ങളായ അനുഷയും അഞ്ജുഷയും തൊടുപുഴ പുറപ്പുഴ ഷാജി മിനി ദമ്പതികളുടെ മക്കളാണ്. സമൂഹഗാനം, ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാംസ്ഥാനങ്ങള്‍ നേടിയിട്ടുണ്ട് അനുഷ. ആത്മവിശ്വാസം കൈവിടാത്ത ഇവര്‍ എസ്.എസ്.എല്‍.സി പരീക്ഷയിലും മികച്ച വിജയം നേടാനാകുമെന്ന വിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.

 

Tags:    
News Summary - blind students attend sslc exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.