പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന്

‘പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ല’; രാഹുലിനെ തുരത്തി ഓടിക്കുമെന്ന് ബി.ജെ.പി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മണ്ഡലത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ, പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. എം.എൽ.എ ഓഫിസിന് മുന്നിൽ ശനിയാഴ്ച രാവിലെ മുതൽ ബി.ജെ.പി പ്രതിഷേധം ആരംഭിച്ചു. പൊതു പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും രാഹുലിനെ തുരത്തി ഓടിക്കുമെന്നുമെന്നും ബി.ജെ.പി പ്രവർത്തകർ പ്രതികരിച്ചു. ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഒരു മാസമായി എം.എൽ.എ മണ്ഡലത്തിൽ എത്തിയിരുന്നില്ല. ഇതിനിടെയാണ് ഇന്നും നാളെയുമായി പാലക്കാട്ട് എത്തുന്നുവെന്ന അഭ്യൂഹം ശക്തമായത്.

പാലക്കാട് എം.എൽ.എ ഇന്ന് മണ്ഡലത്തിൽ കാലുകുത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. സമരം നടത്തി തുരത്തി ഓടിക്കാൻ തന്നെയാണ് തീരുമാനമെന്നും പ്രതിഷേധക്കാർ പറയുന്നു. ‘വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്’, ‘എത്ര നാളായി നമ്പർ ചോദിക്കുന്നു’, ‘ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം’, ‘നിങ്ങൾ മുടിഞ്ഞ ഗ്ലാമറാണ്’ എന്നിങ്ങനെയെഴുതിയ ബോർഡുകളും എം.എൽ.എ ഓഫിസിനു മുന്നിൽ ബി.ജെ.പി തൂക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാഹുൽ പാലക്കാട്ട് എത്തിയാൽ സംഘർഷ സാധ്യതയുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് പാലക്കാട്ട് പുതിയ വിവാദമുണ്ടായാൽ മറ്റ് വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിയും. പ്രതിപക്ഷമുന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാതാകും. ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു. സഭാ സമ്മേളനത്തിനു ശേഷം രാഹുൽ പാലക്കാട്ട് എത്താനാണ് സാധ്യതയെന്നും വിവരമുണ്ട്.

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച രാവിലെ ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ നട തുറന്നപ്പോൾ നിർമാല്യം തൊഴുതതിന് ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പ​ങ്കെടുത്തു. പമ്പയിൽനിന്ന് കെട്ടുനിറച്ചാണ് രാഹുൽ അയ്യപ്പസന്നിധിയിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് മല ചവിട്ടിയത്. എം.എൽ.എ ബോർഡുവെച്ച കാറിൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.

തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനെ അവഗണിച്ച് രാഹുൽ നിയമസഭയിൽ എത്തിയിരുന്നു. സഭ തുടങ്ങി 18-ാം മിനിറ്റിൽ എംഎൽഎ ബോർഡില്ലാത്ത കാറിന്‍റെ മുൻ സീറ്റിലിരുന്ന് രാഹുൽ നിയമസഭയുടെ കവാടം കടന്നു. ചരമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, സഭയ്ക്കകത്തെത്തി പുതിയ സീറ്റിലിരുന്നു. പ്രത്യേക ബ്ലോക്കിലായ രാഹുലിന്‍റെ അടുത്തേക്ക് കോൺഗ്രസുകാർ ആരും എത്തിയില്ല. എന്നാൽ ലീഗ് എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, യു.എ. ലത്തീഫ്, എ.കെ.എം. അഷ്റഫ് എന്നിവർ അടുത്തുചെന്ന് സംസാരിച്ചു.

Tags:    
News Summary - BJP workers protest againts Rahul Mamkootathil at Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.