തൃശ്ശൂരിൽ കിറ്റ് കൊടുത്ത് വോട്ട് പിടിക്കാൻ ബി.ജെ.പി

തൃശ്ശൂർ : വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി തൃശ്ശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി. ഒളരിയിലെ സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ കിറ്റുകൾ തയാറാക്കി വിതരണം ചെയ്തു എന്നാണ് സി.പി.എം ആരോപിക്കുന്നത്. എൽഡിഎഫിന്റെ പരാതിയെത്തുടർന്ന് കിറ്റുകൾ വിതരണംചെയ്തിരുന്ന സൂപ്പർമാർക്കറ്റ് പൊലീസ് അടപ്പിച്ചു. ഇവിടെനിന്ന് അമ്പതോളം കിറ്റുകളും കണ്ടെടുത്തു. 

വിഷുവിനോടനുബന്ധിച്ച് തങ്ങൾ കിറ്റുകൾ തയാറാക്കാറുണ്ടെന്നും, എന്നാൽ ഇത്തവണ ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണൻ നേരിട്ടെത്തി 75-ഓളം കിറ്റുകൾക്ക് ഓർഡർ നൽകിയതായും സൂപ്പർമാർക്കറ്റ് ഉടമ വെളിപ്പെടുത്തി. ഇന്ന് രാവിലെ തന്നെ ഈ കിറ്റുകൾ കടയിൽ നിന്നും കൊണ്ടുപോയതായും അദ്ദേഹം സ്ഥിരീകരിച്ചു. ബി.ജെ.പി പ്രവർത്തകർ കിറ്റുകൾ നൽകുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കടയിലേക്ക് എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

ഇത് വെറുമൊരു ആരോപണമല്ലെന്നും സത്യമാണെന്നും സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ പറഞ്ഞു. പണവും മദ്യവും സാരിയും കിറ്റും നൽകി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും  ഇത് നഗ്നമായ ചട്ടലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഈ കിറ്റ് തന്ത്രം തെരഞ്ഞെടുപ്പിന് ഭീഷണിയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ കർശന നടപടി സ്വീകരിക്കണമെന്നും സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, കിറ്റ് വിതരണത്തിന് പിന്നിൽ പാർട്ടിയല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. സുനിൽ കുമാറിന് സമനില തെറ്റിയിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബി.ജെ.പി നേതാവ് പരിഹസിച്ചു. തൃശ്ശൂരിലെ പോരാട്ടം കടുക്കുന്നതിനിടെ ഉയർന്നിരിക്കുന്ന ഈ കിറ്റ് വിവാദം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

Tags:    
News Summary - BJP to attract votes by providing kits in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.