‘വേടൻ, വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആൾ, പാട്ട് പാഠഭാഗത്തിൽ ഉൾപ്പെടുത്തരുത്’; പരാതിയുമായി ബി.ജെ.പി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാല് വർഷ പാഠ്യപദ്ധതിയിൽ റാപ്പ് ഗായകൻ വേടന്‍റെ (ഹിരൺ ദാസ് മുരളി) പാട്ട് പഠന വിഷയമാക്കിയതിനെതിരെ സിൻഡിക്കേറ്റിലെ ബി.ജെ.പി പ്രതിനിധി രംഗത്ത്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് കത്ത് നൽകി.

മൂന്നാം സെമസ്റ്റർ മലയാളം പാഠഭാഗത്തിലാണ് ഹിരൺ ദാസ് മുരളിയുടെ പാട്ട് പഠന വിഷയമാക്കിയത്. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ.കെ. അനുരാജ് കത്തിൽ പറയുന്നു.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടൻ. പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. വേടന്‍റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്.

വേടന്‍റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ പാഠഭാഗമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മൂന്നാം സെമസ്റ്റർ മലയാളം പാഠഭാഗത്തിലാണ് വേടന്‍റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് പഠന വിഷയമാക്കിയത്. മൈക്കിൽ ജാക്സന്‍റെ 'ദേ ഡോണ്ട് കെയർ എബൗട്ട് അസ്' ഗാനവും വേടന്‍റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് വിദ്യാർഥികൾ നടത്തേണ്ടിയിരുന്നത്.

Full View

Tags:    
News Summary - BJP Syndicate member demands withdrawal of Vedan's song in lesson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.