തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്നുമുള്ള സർക്കാർ വാദം കോടതി നിരാകരിച്ചു. കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്നും ഇതിൽ രാഷ്ട്രിയപ്രേരണയില്ലെന്നുമുള്ള കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനുമായ വിനീതിന്‍റെ മറുപടി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികളാരും ഇല്ലെന്നും എഫ്.ഐ.ആറിൽ ഒരു പ്രതിയെക്കുറിച്ചും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം. പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴിയിൽ അഞ്ച് പ്രതികളെപ്പറ്റി പരാമർശമുണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ ഏഴ് പ്രതികളാണുണ്ടായിരുന്നത്. എന്നാൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ നാലുപ്രതികൾ മാത്രമായി. സി.സി.ടി.വി ദൃശ്യങ്ങൾക്ക് തെളിവ് നിയമത്തിലെ 65 (ബി) സർട്ടിഫിക്കറ്റില്ലെന്നും കേസ് പിൻവലിക്കുന്നതിനായുള്ള അപേക്ഷയിൽ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രാഷ്‌ട്രീയപ്രേരിതമായി പെരുമാറുകയാണെന്നും കുറ്റപത്രത്തിൽ നിരവധി തെളിവുകളുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. കേസ് പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരൻ തർക്കഹരജിയിൽ ചൂണ്ടിക്കാട്ടി.
2017 ജൂൈല 28നാണ് ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിക്കപ്പെട്ടത്. മുൻ കോർപറേഷൻ കൗൺസിലറും സി.പി.എം പാളയം ഏരിയകമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രിജിൽ സാജ് കൃഷ്ണ, പ്രവർത്തകരായ ജെറിൻ, സുകേശ് എന്നിവരാണ് പ്രതികൾ. ഇവർക്ക് കോടതി നേരേത്ത ജാമ്യം അനുവദിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ മരുതംകുഴിക്ക് സമീപത്തുള്ള വീട് ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫിസ് ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.