തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കർശന നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തു. അഡീഷണൽ സി.ഇ.ഒ പി.ബി. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഈ നടപടി സ്വീകരിച്ചത്.
സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ബിജെപിയുടെ സീൽ പതിഞ്ഞത്. ബിജെപി മുൻപ് കമ്മീഷന് നൽകിയ ഒരു കത്തിന്റെ ഫോട്ടോകോപ്പി സൂക്ഷ്മപരിശോധനയില്ലാതെ മറ്റ് പാർട്ടികൾക്ക് അയച്ചു കൊടുത്തതാണ് പിഴവിന് കാരണമായതെന്ന് കമ്മീഷൻ വിശദീകരിക്കുന്നു. സംഭവത്തിൽ നേരത്തെ തന്നെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും ക്ലറിക്കൽ പിഴവുമാണ് ഇതിന് പിന്നിലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ഏപ്രിൽ 9ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലൂടെ വിവാദം തണുപ്പിക്കാൻ കമ്മീഷൻ നീക്കം നടത്തുന്നത്.
തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബി.ജെ.പിയുടെ സീല്‍ പതിച്ച സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ ബി.ജെ.പി രംഗത്ത്. ഈ സംഭവത്തിലെ പഴി ബി.ജെ.പിയിൽ ചാരാനാണ് ശ്രമം. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. കത്തയച്ച ഉദ്യോഗസ്ഥൻ എൻ.ജി.ഒ യൂനിയൻ നേതാവാണ്. സി.പി.എം-തെരഞ്ഞെടുപ്പ് കമീഷൻ- ഉദ്യോഗസ്ഥ ഡീൽ നടക്കുന്നുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ട ജയ്സൽ പി. അസീസ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ബന്ധമുള്ളതിനാൽ ഡ്യൂട്ടിക്ക് നിയോഗിച്ചയാൾ ആണ്. തൊഴിൽ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബർ ഓഫിസർ റിട്ടേണിങ് ഓഫിസർ ആയി എത്തുന്നു. ഇതൊന്നും കാണാനുള്ള കണ്ണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് ഇല്ലേയെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി അഡ്വ. എസ്. സുരേഷ് ചോദിച്ചു. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ബി.ജെ.പി പരാതി നൽകി.
ബി.ജെ.പിയുടെ സീൽ ഉദ്യോഗസ്ഥന് എവിടെ നിന്ന് കിട്ടിയെന്നതുൾപ്പെടെ അന്വേഷിക്കണം. തെരഞ്ഞെടുപ്പ് കമീഷൻ സി.പി.എമ്മിന്റെ ബി ടീമായി. നിഷ്പക്ഷ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും നടത്തുന്ന ഗൂഡാലോചനയില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവർ അകപ്പെട്ടതായി സംശയിക്കുന്നതായി സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.