കാസർകോട്: ബി.ജെ.പി ജില്ല ഓഫിസിനു മുന്നിൽ ഒരു വിഭാഗം പ്രവർത്തകർ നടത്തിയ ഉപരോധം ആർ.എസ്.എസ് നേതൃത്വത്തിന്റെ ഉറപ്പിൽ അവസാനിപ്പിച്ചു. ആരോപണ വിധേയരായ നേതാക്കൾക്കെതിരെ പത്തുദിവസത്തിനകം നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് രണ്ടുദിവസം നീണ്ട ഉപരോധം നിർത്തിയത്.
തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ആർ.എസ്.എസിന്റെ കേരള, കർണാടക നേതാക്കൾ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗവും ചേർന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്ത്, മറ്റ് നേതാക്കളായ പി. സുരേഷ്കുമാർ ഷെട്ടി, കെ. മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ജില്ല കമ്മിറ്റി ഓഫിസിനു മുന്നിൽ പ്രവർത്തകർ അനിശ്ചിതകാല ഉപരോധസമരം തുടങ്ങിയത്. സമരം തുടങ്ങിയയുടൻ ആർ.എസ്.എസ് നേതാക്കൾ അനുരഞ്ജന ശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. രാപ്പകൽ പിന്നിട്ട് സമരം രണ്ടാംദിവസത്തിലേക്ക് നീണ്ടതോടെ ആർ.എസ്.എസ് പ്രതിനിധികൾ സമരക്കാരെ കാണാൻ നേരിട്ടെത്തി. ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന ഉറപ്പിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെ സമരം അവസാനിപ്പിച്ചു.
ബി.ജെ.പി നേതൃത്വവുമായുള്ള ചർച്ചക്കുപോലും പ്രതിഷേധക്കാർ സന്നദ്ധരായില്ല.
ജില്ല കമ്മിറ്റി ഓഫിസ് ഉപരോധം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതോടെ ആർ.എസ്.എസ് ഇടപെട്ട് താളിപ്പടുപ്പിലെ ആർ.എസ്.എസ് കാര്യാലയത്തിൽ സംഘ്പരിവാർ യോഗവും വിളിച്ചു.
പ്രതിഷേധക്കാരുടെ ആവശ്യം പരിഹരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട ശേഷമാണ് പത്തുദിവസമെന്ന കാലാവധി നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.