51 വെട്ടും ഇന്നോവയും ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത് -പത്മജ ​വേണുഗോപാൽ

തൃശൂർ: ബി.ജെ.പിയിൽ ചേർന്ന സി.പി.എം വക്താവ് റെജി ലൂക്കോസിനെ സ്വഗതം ചെയ്ത് ബി.ജെ.പി ​നേതാവ് പത്മജ വേണുഗോപാൽ. 51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നതെന്നും വന്ന് കയറുന്നത് അത്രമേൽ കരുതലോടെ ചേർത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കാണെന്നും പത്മജ പറഞ്ഞു.

‘സ്വാഗതം ശ്രീ റെജി ലൂക്കോസ്. ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ് അദ്ദേഹം ദേശീയതയിലേക്ക് എത്തുകയാണ്. 51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത്. പക്ഷെ വന്ന് കയറുന്നത് അത്രമേൽ കരുതലോടെ ചേർത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കാണ്. ബി ജെ പിയിലേക്ക് സ്വാഗതം ശ്രീ റെജി ലൂക്കോസ്’ -പത്മജ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ചാനൽ ചർച്ചകളിൽ സി.പി.എം ശബ്ദമായിരുന്ന റെജി ലൂക്കോസിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. പഴയ ദ്രവിച്ച ആശങ്ങളുമായി മുന്നോട്ടുപോയാൽ നമ്മുടെ നാട് വൃദ്ധസദനമായി മാറുമെന്നും ബി.ജെ.പിയുടെ ദേശീയ നേതൃത്വം പകർന്ന് നൽകുന്ന വികസനവും ആശയവും തന്നെ കുറേനാളായി സ്വാധീനിക്കുന്നുണ്ടെന്നും ഇനിയുള്ള കാലം ബി.ജെ.പിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

'ബി.ജെ.പിയെ കുറിച്ച് എല്ലാവരും പറഞ്ഞിരുന്നത് വർഗീയ പാർട്ടിയാണ് എന്നതായിരുന്നു. നിർഭാഗ്യവശാൽ, ഇടതുപക്ഷ വ്യതിയാനം സംഭവിച്ച എന്റെ പാർട്ടി കേരളത്തിൽ വർഗീയ വിഭജനത്തിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.'- റെജി ലൂക്കോസ് പറഞ്ഞു.

താൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മെമ്പറാണന്നും ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ലെന്നും അത് ആഗ്രഹിച്ച ആളല്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. എന്നാൽ, റെജി ലൂക്കോസ് പാർട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നൽകിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.



 


Tags:    
News Summary - bjp leader padmaja venugopal welcomes reji lukose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.