കോട്ടയം: ഛത്തിസ്ഗഢിൽ ഉൾപ്പെടെയുണ്ടായ ന്യൂനപക്ഷ ആക്രമണത്തിന്‍റെ മുറിവുണക്കി സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട് ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന് സംസ്ഥാന ബി.ജെ.പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനംചെയ്തത്. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ‘എല്ലാ മലയാളികളെയും ഒരുമിച്ചുനിർത്തി ബി.ജെ.പിയുടെ വികസിത കേരളം എന്ന ആശയം അവരിൽ എത്തിക്കുകയാണ് ലക്ഷ്യ’മെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ യോഗം മാത്രമല്ല, യുവമോർച്ച, മഹിളാമോർച്ച യോഗങ്ങളും നടന്നെന്നും ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു. ശിൽപശാലയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവെച്ചു.
ബുധനാഴ്ച കോട്ടയത്ത് നടന്ന ശിൽപശാലയിൽ 30 സംഘടന ജില്ലകളിൽനിന്ന് അഞ്ചുവീതം ക്രൈസ്തവ നേതാക്കൾ പങ്കെടുത്തതായാണ് വിവരം. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്‍റണി, അഡ്വ. എസ്. സുരേഷ്, വൈസ്പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് എന്നിവർക്കാണ് ഇതിന്‍റെ ചുമതലയുണ്ടായിരുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബി.ജെ.പി മതാടിസ്ഥാനത്തിൽ യോഗം ചേർന്നതെന്ന് പാർട്ടിവൃത്തങ്ങൾ സമ്മതിക്കുന്നു. ചതയദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നതിനിടെയാണ് ക്രിസ്ത്യൻ നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചതെന്നതും ശ്രദ്ധേയം. ക്രൈസ്തവ സഭാവിശ്വാസികളെ ഒപ്പംനിർത്തിയാൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ നടത്താൻ ചില ക്രൈസ്തവ സഭാസംഘടനകളും തീരുമാനിച്ചിട്ടുണ്ട്. അവരുടെ പിന്തുണ ലഭ്യമാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ലക്ഷ്യമിടുന്നു.
‘ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന പേരിലായിരുന്നു ശിൽപശാല ഉദ്ദേശിച്ചിരുന്നതെങ്കിലും വിവാദങ്ങൾ ഒഴിവാക്കാൻ ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്നാക്കി മാറ്റി. എന്നാൽ, ശിൽപശാലയിൽ അവതരിപ്പിച്ച പവർപോയൻറ് പ്രസന്റേഷനുകളിൽ ‘ബി.ജെ.പി ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന് വ്യക്തമാക്കിയുള്ള ചർച്ചകളാണ് നടന്നത്. ‘കേരളത്തിൽ മാറ്റം കൊണ്ടുവരാൻ ക്രിസ്ത്യാനിറ്റി ബി.ജെ.പിക്കൊപ്പം’ എന്ന തലക്കെട്ടോടെ മൈനോറിറ്റി മോർച്ചയും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളുമുണ്ടാകരുതെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. സഭ നിർദേശിക്കാതെ വിശ്വാസികൾ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. അതിനാൽ ക്രൈസ്തവ സഭകളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകണമെന്ന അഭിപ്രായവും ശിൽപശാലയിലുണ്ടായി.
‘‘വെറുതെ പങ്കെടുക്കാൻ മാത്രമല്ല, ജയിക്കാൻവേണ്ടി മാത്രമായിരിക്കും ഇനിമുതൽ ബി.ജെ.പി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുക. കാരണം ബി.ജെ.പി വിജയിച്ച് അധികാരത്തിൽ എത്തിയാൽ മാത്രമേ കേരളത്തിന്‍റെ യഥാർഥ വികസനം സാധ്യമാകൂ. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് മാത്രമല്ല, വികസനം. സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് യഥാർഥ വികസനം. ഇത് യാഥാർഥ്യമാക്കാനുള്ള കഴിവും നിശ്ചയദാർഢ്യവും ബി.ജെ.പിക്ക് മാത്രമാണുള്ളത്’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.