ആലപ്പുഴ: ബി.ജെ.പി കേഡർ പാർട്ടി എന്നതിൽ നിന്ന് അലവലാതി പാർട്ടിയെന്ന നിലയിലേക്ക് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പിയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി. അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ആ പാർട്ടിയിലുള്ളത്. പാർട്ടിക്കുള്ളിൽ പറയേണ്ടതെല്ലാം മൈക്ക് കെട്ടി അനൗൺസ് മെന്റ് ചെയ്യുകയാണ്. സുരേന്ദ്രന്റെ കപ്പാസിറ്റിയെന്താണെന്ന് തനിക്കറിയില്ല, അദ്ദേഹത്തെ നേരിട്ടറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസിനെ കുറിച്ച് തനിക്ക് അത്രനല്ല അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. രമ്യക്ക് ഒരു രാഷ്ട്രീയ നേതാവിന്റെ മെയ്‍വഴക്കമില്ലെന്നും കോൺഗ്രസുകാർക്ക് പോലും അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ആലത്തൂര്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി നിന്നിട്ടും തന്നെ വന്ന് കണ്ടിട്ടില്ലെന്ന നീരസവും അദ്ദേഹം പ്രകടിപ്പിച്ചു. തന്നെ തോന്നുമ്പോൾ കാണാൻ നിന്ന് കൊടുക്കേണ്ട ആവശ്യം എനിക്കില്ല. അതാണ് താൻ കാണാൻ അനുമതി കൊടുക്കാതിരുന്നത്. പെട്ടെന്ന് വിളിച്ചിട്ട് കാണണമെന്ന് പറഞ്ഞാൽ അങ്ങനെ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. സംവരണ സീറ്റിൽ ഒഴികെ എല്ലായിടത്തും മുസ്ലിം സമുദായക്കാരെ മാത്രം മത്സരിപ്പിക്കുന്ന ലീഗ് ഒരു വർഗീയ പാർട്ടി തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.