ബി.ജെ.പി പ്രവേശനം: ശോഭ സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരായ ഗൂഢാലോചന പരാതിയിൽ ഇ.പി. ജയരാജന്‍റെ മൊഴിയെടുത്തു

തിരുവനന്തപുരം: ബി.ജെ.പി പ്രവേശനം സംബന്ധിച്ച ഗൂഢാലോചന പരാതിയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ മൊഴിയെടുത്തു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും വിവാദ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിനും എതിരായ പരാതിയിലാണ് മൊഴിയെടുത്തത്.

ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ പരാതി നൽകിയത്. ജയരാജൻ ഡി.ജി.പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി കഴക്കൂട്ടം അസിസ്റ്റന്‍റ് കമീഷണർക്ക് കൈമാറുകയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിലേക്ക് പോകാനായി ചർച്ച നടന്നുവെന്ന തരത്തിലുണ്ടായ പ്രചരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജൻ പരാതിയിൽ പറയുന്നത്. കെ. സുധാകരൻ, ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്താനുമാണ് പൊലീസിന്‍റെ തീരുമാനം.

Tags:    
News Summary - BJP entry: EP Jayarajan's conspiracy complaint against Shobha Surendran statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.