അടൂർ പ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് ജോൺ ബ്രിട്ടാസ്; ഇപ്പോൾ വേണ്ടെന്ന് മറുപടി
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സംഖ്യത്തിലെ എം.പിമാർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ചുവപ്പ് ഷാളുമായി അടൂർ പ്രകാശിനരികിലേക്ക് എത്തുന്ന ജോൺ ബ്രിട്ടാസ് എം.പിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കൈയ്യിൽ പിടിച്ച ചുവന്ന ഷാളുമായി എത്തുന്ന ബ്രിട്ടാസ്, ഇത് ഇടട്ടെ എന്ന് അടൂർ പ്രകാശിനോട് ചോദിക്കുന്നുണ്ട്. ‘ഇപ്പോൾ വേണ്ടെന്ന്’ പറഞ്ഞ് അടൂർ പ്രകാശ് ഒഴിഞ്ഞുമാറുന്നതാണ് വിഡിയോയിലുള്ളത്. ബ്രിട്ടാസിന്‍റെ ശ്രമം പരാജയപ്പെടുത്തിയ അടൂർ പ്രകാശ് അതു ബ്രിട്ടാസിനുതന്നെ തിരിച്ച് അണിയിക്കുന്നതും വിഡിയോയിലുണ്ട്. 'കുറച്ച് കഴിഞ്ഞ് ഇട്ടുകൊടുക്കും ഞാൻ' എന്നാണ് ബ്രിട്ടാസ് ഇതിന് മറുപടി നൽകുന്നത്.
എസ്.ഐ.ആർ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഡ്യ സഖ്യം പ്രതിഷേധ മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞതോടെയാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ആകാശവാണിയുടെ വളപ്പിലേക്ക് കയറിയത്. ഇതുവഴി തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് കടക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ നീക്കം പൊലീസ് തടയുകയും എം.പിമാരെ കസ്റ്റഡിയിൽ എടുത്ത് ബസിൽ കൊണ്ടുപോവുകയുമായിരുന്നു. കസ്റ്റഡിയിൽ എടുക്കാനുള്ള പൊലീസിന്റെ ശ്രമത്തെ പ്രതിരോധിച്ചാണ് ആകാശവാണി വളപ്പിൽ രാഹുലും പ്രവർത്തകരും തുടരുന്നത്.
കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമം പലതവണ എം.പിമാർ പ്രതിരോധിച്ചു. രാവിലെ 10.30ന് ആണ് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘സേവ് ഡെമോക്രസി’ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പ്രതിഷേധം ആറു മണിക്കൂർ പിന്നിട്ടു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. 150 ലധികം എം.പിമാരാണ് മാർച്ചിൽ അണിനിരക്കുന്നത്. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.