'ബി.ജെ.പി ആപ്പീസിലെ ദണ്ഡ് ഞങ്ങൾ പൊടി തട്ടി വെച്ചിട്ടുണ്ട്, നട്ടെല്ലുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ വാ'; യൂത്ത് കോൺഗ്രസുകാരെ വീണ്ടും വെല്ലുവിളിച്ച് പ്രശാന്ത് ശിവൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ബി.ജെ.പിയുടെ കൊലവിളി തുടരുകയാണ്. ബി.ജെ.പി ഓഫീസിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിന് പിന്നാലെയാണ് വെല്ലുവിളിയുമായി ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ രംഗത്തെത്തിയത്.

'നിങ്ങളുടെ കൂട്ടത്തിൽ നട്ടെല്ലിന് ഉറപ്പുള്ള ഏതെങ്കിലും ഒരുത്തനുണ്ടെങ്കിൽ ബി.ജെ.പി ഓഫീസിന്റെ മുന്നിലേക്ക് വാ, അല്ലെങ്കിൽ നൂറ് മീറ്റർ അടുത്തേക്കെങ്കിലും വരാൻ ധൈര്യമുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടോ, ആപ്പീസിലെ ദണ്ഡ് പൊടിപിടിച്ച് കിടക്കുകയായിരുന്നു. അതൊക്കെ ഞങ്ങൾ റെഡിയാക്കി വെച്ചിട്ടുണ്ട്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം. നേരിടാൻ ഞങ്ങൾ തയാറാണ്'- പ്രശാന്ത് ശിവൻ പറഞ്ഞു.

പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെതിരെ രംഗത്ത് വന്നത് മുതലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി പോര് തുടങ്ങിയത്.

ഹെഡ്ഗേവാര്‍ വിവാദത്തിൽ എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നടന്ന പ്രസംഗത്തിൽ പാലക്കാട് ജില്ല സെക്രട്ടറി രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്ന് കൊലവിളി നടത്തിയിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു പ്രകടനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെയും വീണ്ടും കൊലവിളി മുദ്രാവാക്യം ഉയർന്നു.

'മോനെ മോനെ രാഹുലെ, ഒറ്റുകാരാ സന്ദീപേ ബി.ജെ.പിയോട് പോരിന് വന്നാൽ വിശാല ഖബറിടം ഒരുക്കി വെച്ചോ, ആരിത് പറയുന്നറിയില്ലേ, ആർ.എസ്.എസിൻ പുത്രന്മാർ' തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യമാണ് ബി.ജെ.പി പ്രവർത്തകർ മുഴക്കിയത്.

എന്നാൽ, കൊലവിളി പ്രസംഗത്തിനും മുദ്രാവാക്യത്തിനുമെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാൻ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവർ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്. കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നിൽക്കുന്നത്. എടുത്ത് കാണിക്ക്. എന്നെ ഖബറിൽ കൊണ്ടു കിടത്തിയാൽ, ആ കിടത്തുന്ന നിമിഷം വരെ, ജീവനറ്റ് പോകുന്ന നിമിഷം വരെ ബി.ജെ.പിക്കെതിരായി പോരാടും' എന്ന് രാഹുൽ പ്രതികരിച്ചു.


Full View

Tags:    
News Summary - BJP again against Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.