അഞ്ചുവർഷത്തിനുശേഷം കേരളത്തിന് മറുനാടൻ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹ 30ന് സ്ഥാനമേൽക്കും

തിരുവനന്തപുരം: അഞ്ചുവർഷത്തെ ഇടവേളക്കുശേഷം കേരളത്തിന് വീണ്ടും മറുനാടൻ ചീഫ് സെക്രട്ടറി. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.

2020 മേയ് മുതൽ 21 ഫെബ്രുവരി വരെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്തയാണ് ഇതിനുമുമ്പ് ​ഈ പദവിയിലിരുന്ന മറുനാട്ടുകാരൻ. രാജസ്ഥാൻ സ്വദേശിയാണ് മേത്ത. ഇദ്ദേഹത്തിനുശേഷം ഡോ. വി.പി. ജോയ്, ഡോ. വി. വേണു, ശാരദ മുരളീധരൻ, ഡോ. എ. ജയതിലക് എന്നിവർ ചീഫ് സെക്രട്ടറി പദവിയിലെത്തി.

1992 ബാച്ചിലെ ഐ.എ.എസ് ഉദ്യോ​ഗസ്ഥനായ ബിശ്വനാഥ് സിൻഹ, ബിഹാർ സ്വദേശിയാണ്. 2023 ജൂൺ 28 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറും ആയിരുന്നു. 

ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓപറേറ്റിവ് ബാങ്ക് മാനേജിങ് ഡയറക്ടര്‍, പൊതുമരാമത്ത്-കായിക വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, ഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമീഷണര്‍, പരിസ്ഥിതി, വനം മന്ത്രാലയം ജോയന്റ് സെക്രട്ടറി, പഴ്‌സണല്‍ ആൻഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ് എസ്.സി/എസ്.ടി ക്ഷേമം, സാമൂഹ്യനീതി വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിങ്ങനെയുള്ള ചുമതലകളും വഹിച്ചിട്ടുണ്ട്.

1968 സെപ്റ്റംബർ 24 ന് ജനിച്ച ബിശ്വനാഥ് സിൻഹ, ഡൽഹി സർവകലാശാലയിൽനിന്ന് എം.എ ബിരുദം നേടിയിട്ടുണ്ട്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിനുശേഷമാണ് സിവില്‍ സർവിസില്‍ പ്രവേശിച്ചത്.

Tags:    
News Summary - Bishwanath Sinha is the new Kerala Chief Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.