തിരുവനന്തപുരം: വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ തിരുവനന്തപുരം നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 20 ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈകോടതി. നഗരസഭയിലെ എൽ.ഡി.എഫ് നേതാവ് എസ്.പി ദീപക് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നിയമാനുസൃത വാചകങ്ങൾ ഉപയോഗിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിറക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങൾ അരങ്ങേറിയിരുന്നത്. ഔദ്യോഗികമായി നിശ്ചയിച്ചു നൽകിയ സത്യപ്രതിജ്ഞാ വാചകത്തിന് പകരം ബി.ജെ.പിയുടെ 20 കൗൺസിലർമാർ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം പ്രതിജ്ഞ ചൊല്ലുകയായിരുന്നു. ഈ സത്യപ്രതിജ്ഞകളാണ് കോടതി റദ്ദാക്കിയത്.
ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'ദൈവനാമത്തിൽ' അല്ലെങ്കിൽ 'സഗൗരവം' എന്ന വാചകങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈകോടതി വ്യക്തമാക്കി. ഇക്കാര്യം 1994ലെ കേരള മുൻസിപ്പാലിറ്റി നിയമത്തിൽ പ്രതിപാധിക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി, ചട്ടങ്ങൾക്ക് വിപരീതമായി വ്യക്തികളുടെയോ ഇഷ്ടദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർത്ത് പ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഔദ്യോഗിക സത്യപ്രതിജ്ഞ വാചകങ്ങളിൽ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്താനോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് നിയമപരമായി യാതൊരു അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.