എ.കെ.ജി സെന്‍ററിൽ നിന്ന് തീട്ടൂരം വാങ്ങിയതിനുശേഷം മെത്രാന്മാർക്ക് പ്രവർത്തിക്കാനാവില്ല; എം.വി ഗോവിന്ദനെതിരെ അതിരൂപത

തലശ്ശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ അതിരൂപത. എം.വി ഗോവിന്ദന്‍റെ നിലപാട് ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്നും തലശേരി അതിരൂപത പ്രതികരിച്ചു. എ.കെ.ജി സെൻററിൽനിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാർ പ്രസ്താവന നടത്താൻ പാടുള്ളൂ എന്ന സമീപനം ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഫാസിസത്തിൻറെ മറ്റൊരു മുഖമാണ്. ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിൻറെയും സംഘപരിവാർ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിർത്ത മാർ ജോസഫ് പാംപ്ലാനി നിലപാടുകളിൽ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല എന്നും പ്രസ്താവനയിൽ പറഞ്ഞു.

ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിൻറെ ആവശ്യം മനസ്സിലാക്കി കേന്ദ്രസർക്കാർ ഇടപെട്ടതിൽ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വർഗ്ഗീയ ധ്രുവീകരണം ഒഴിവാക്കാനുള്ള നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിർത്തിട്ടുള്ള വ്യക്തിയാണ് മാർ ജോസഫ് പാംപ്ലാനി പിതാവ്. സി.പി.എം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നത് തികച്ചും അപലപനീയമാണ്.

യുവജന സംഘടനയുടെ ചില നേതാക്കൾ വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാൽ പാർട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിൻറെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിന് ഇല്ലായെന്നതിന് മലയാളികൾ സാക്ഷികളാണ്. സ്വന്തം പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകൾ ഇദ്ദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികൾക്ക് മുമ്പിലുണ്ട്.

ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ സത്വര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പാംപ്ലാനി പിതാവ് പ്രശംസിച്ചിരുന്നു. ഇതിനെയാണോ ഗോവിന്ദൻ മാഷ് അവസരവാദമായി ചിത്രീകരിച്ചിരിക്കുന്നതെന്നും അതിരൂപത പ്രസ്താവനയിലൂടെ ചോദിച്ചു. ഈ വിഷയത്തിൽ കോൺഗ്രസിൻറെ സംസ്ഥാന ദേശീയ നേതൃതങ്ങൾ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ പാർലമെൻറിൽ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ഇതൊക്കെ അവസരവാദപരം ആണെന്നാണോ ഗോവിന്ദൻ മാഷ് ഉദ്ദേശിക്കുന്നത്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നും അതിരൂപത കുറ്റപ്പെടുത്തി.

പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ പറഞ്ഞത്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.

Tags:    
News Summary - Bishops cannot make statements after buying a room from AKG Center; Archdiocese against MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.