തലശ്ശേരി: അന്തരിച്ച മുൻ എം.എൽ.എ പി.ടി തോമസിനോടുള്ള എതിർപ്പ് ഭാര്യയും യു.ഡി.എഫ് സ്ഥാനാർഥിയുമായ ഉമ തോമസിനോടില്ലെന്ന് സീറോ മലബാർ സഭ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പി.ടിയോടുള്ള എതിർപ്പ് വ്യക്തിപരവും കുടുംബപരവുമല്ലെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
ഗാഡ്ഗിൽ റിപ്പോർട്ടിലെ നിലപാട് കൊണ്ടാണ് പി.ടിയെ എതിർത്തത്. ഈ വിഷയത്തിൽ സഭ കണ്ട പോലെയല്ല പി.ടി കണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഗാഡ്ഗിൽ വിഷയം പ്രസക്തമല്ലെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി.
എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന വാദം ശരിയല്ല. ചില സാഹചര്യങ്ങളിൽ സഭ പ്രത്യേക നിലപാടുകൾ സ്വീകരിക്കാറുണ്ട്. സമാന സാഹചര്യം നിലവിലില്ല. തൃക്കാക്കരയിൽ വിശ്വാസികൾ മനഃസാക്ഷി വോട്ട് ചെയ്യട്ടേ എന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴാണ് അക്കാര്യം സഭ അറിയുന്നത്. ഒരു ആശുപത്രിയെ സഭാ സ്ഥാപനമായി മാത്രം ബ്രാൻഡ് ചെയ്യുന്നത് ശരിയല്ല. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട.
ളോഹയിട്ടവർക്ക് പൗരാവകാശങ്ങളില്ലെന്ന തരത്തിലുള്ള ചർച്ചകൾക്ക് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ തുടക്കം കുറിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്ത് നടക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കാൻ പുരോഹിതന്മാർക്ക് അവകാശമുണ്ടെന്നും ആർച്ച് ബിഷപ്പ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.