പു​ളി​ക്ക​ല്‍ ആ​ന്തി​യൂ​ര്‍ക്കു​ന്നി​ല്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട സ്കൂ​ള്‍ ബ​സും സ്കൂ​ട്ട​റും. ഇൻസെറ്റിൽ മരിച്ച ഹയ ഫാത്തിമ

നോവായി ഹയ... താങ്ങാനാവാതെ നാട്

പുളിക്കല്‍: സന്തോഷത്തോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് തിരിച്ച ഹയ ഫാത്തിമ ഇനിയില്ലെന്നറിഞ്ഞതോടെ ഒരു നാടാകെ വിങ്ങിപ്പൊട്ടി. സ്വന്തം സ്കൂളിലെ ബസ് തന്നെ കയറി ആ കുരുന്ന് വിട പറഞ്ഞ വാർത്ത ഞെട്ടലോടെയാണ് പുളിക്കൽ പ്രദേശമൊന്നാകെ കേട്ടത്. ആദ്യം അപകടത്തിൽ ആർക്കും വലിയ പരിക്കില്ലെന്ന വാർത്തക്ക് അൽപായുസ്സ് നൽകി കുട്ടിയുടെ മരണവാർത്ത സങ്കടക്കടലൊഴുക്കി.

ഫറോക്ക് പേട്ട സ്വദേശി മണലൊടി അബ്ദുല്‍ ഗഫൂറിന്റെയും ഷസ്‌നയുടെയും ഏക മകളാണ് ആന്തിയൂര്‍ക്കുന്നിലുണ്ടായ സ്കൂള്‍ ബസപകടത്തില്‍ മരിച്ച ഹയ ഫാത്തിമ. പുളിക്കലിലെ മാതാവിന്‍റെ വീട്ടിൽനിന്നായിരുന്നു ഹയ സ്കൂളിൽ പോയിരുന്നത്. സ്കൂള്‍ വിശേഷങ്ങള്‍ ഉപ്പൂപ്പയോട് പറഞ്ഞ് സ്കൂട്ടറില്‍ മടങ്ങുമ്പോഴായിരുന്നു നിനച്ചിരിക്കാതെയെത്തിയ ദുരന്തം. സ്കൂളില്‍നിന്നുള്ള പാതയിലെ ചെങ്കുത്തായ ഇറക്കത്തില്‍ ഏറെ ഇഷ്ടപ്പെട്ട വിദ്യാലയത്തിലെ വാഹനംതന്നെ കൂട്ടുകാര്‍ക്കു മുന്നില്‍വെച്ച് ഹയയുടെ ജീവനെടുത്തു.

കുട്ടിയുടെ വിയോഗം രക്ഷപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ഇടുങ്ങിയ പാതയില്‍ കുത്തനെയുള്ള ഇറക്കത്തിലാണ് നിയന്ത്രണംവിട്ട സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞത്. റോഡരികില്‍ കൂട്ടിയിട്ട കല്ലുകളും അപകടത്തിന് കാരണമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ബസിലെ കുട്ടികള്‍ക്ക് തുണയായി നാട്ടുകാരുടെ അവസരോചിത ഇടപെടല്‍

പുളിക്കൽ: പ്രീ പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികളുമായി വന്ന ബസ് മറിഞ്ഞപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടന്‍തന്നെ രക്ഷപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയ നാട്ടുകാരുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

നാട്ടുകാരും ടി.ഡി.ആര്‍.എഫ് വളന്റിയര്‍മാരും ചേര്‍ന്നായിരുന്നു രക്ഷപ്രവര്‍ത്തനം നടത്തിയത്. പാതയിലൂടെ കടന്നുവന്ന വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിയാണ് പുറത്തെടുത്ത ഓരോ കുട്ടികളേയും ആശുപത്രികളിലെത്തിച്ചത്. സമീപവാസികള്‍ സ്വകാര്യ വാഹനങ്ങളുമായി കുട്ടികളുടെ രക്ഷക്കെത്തി.കുട്ടികളെയെല്ലാം സമീപത്തെ ആശുപത്രികളിലെത്തിക്കാൻ രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് സാധിച്ചു. അപകടവിവിരം അറിഞ്ഞ ഉടൻ നിരവധിപേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. 

Tags:    
News Summary - Birthplace in sadness On Haya's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.