തിരുവനന്തപുരം: ഇടതുനയങ്ങളിൽ കാതലായ മാറ്റങ്ങൾ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന നയരേഖയിൽ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് ചെയ്യുമ്പോഴും വർഗ താൽപര്യം ഉയർത്തി പിടിക്കണമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
എന്ത് ചെയ്യുമ്പോഴും വർഗതാൽപര്യം ഉയർത്തി പിടിക്കണം. വ്യവസ്ഥകളും ഉപാധികളും സംബന്ധിച്ച് കൂടുതൽ വ്യക്തത വരണം. വികസനം തേടിയുള്ള യാത്രയിൽ മൂലധനം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം, സി.പി.എം നയരേഖയെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ് ഇടതുനയങ്ങളിൽ കാതലായ മാറ്റങ്ങൾ നിർദേശിക്കുന്ന ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്. സർക്കാർ സേവനത്തിന് ആളുകളുടെ വരുമാനത്തിന് അനുസരിച്ച് വ്യത്യസ്ത ഫീസ് / സെസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ നിക്ഷേകർക്ക് കൈമാറുക എന്നിങ്ങനെ വിവാദ നിർദേശങ്ങളടങ്ങിയ രേഖയെ സമ്മേളന പ്രതിനിധികൾ ഒന്നടങ്കം പിന്തുണച്ചു.
പുതുവഴി രേഖ നടപ്പാകുമ്പോൾ സാമൂഹിക നീതി ഉറപ്പുവരുത്തണം, കാർഷിക, പരമ്പരാഗത തൊഴിൽ, ടൂറിസം മേഖലക്ക് ഊന്നൽ വേണം, പുതുതലമുറയെ ആകർഷിക്കാൻ കൃഷിയിൽ ആധുനികത കൊണ്ടുവരണം, സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണി കണ്ടെത്തണം, വന്യജീവി ശല്യ പ്രതിരോധത്തിന് സമഗ്ര പദ്ധതി വേണം എന്നിങ്ങനെയാണ് പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ. സമ്മേളനം അംഗീകരിക്കുന്ന രേഖ മുൻനിർത്തി മൂന്നാം പിണറായി സർക്കാർ ലക്ഷ്യമിട്ടുള്ള കാമ്പയിനാണ് സി.പി.എമ്മിന്റെ പദ്ധതി.
പുതുവഴി രേഖയിലെ നിർദേശങ്ങളെല്ലാം ഇടതുപക്ഷ നയമാണോ എന്ന ചോദ്യം മാധ്യമങ്ങളും മറ്റു ചിലരും ഉന്നയിക്കുന്നുണ്ടെന്ന് കോഴിക്കോട്ടു നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. പുതുവഴി രേഖയിലെ നിർദേശങ്ങൾ മിക്കതും മധ്യവർഗ സമൂഹത്തെ ബാധിക്കുന്നതും അവർക്ക് മാത്രം താൽപര്യമുള്ളതുമാണെന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും മറ്റൊരു പ്രതിനിധി പറഞ്ഞു.
അതിന് മറുപടിയായി കേരളം അതിവേഗം മധ്യവർഗ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതു പരിഗണിക്കാതെയും അവരുടെ പിന്തുണ ഉറപ്പാക്കാതെയും പാർട്ടിക്കും സർക്കാറിനും മുന്നോട്ടു പോകാനാവില്ലെന്ന പ്രതികരണവുമുണ്ടായി. പണഞെരുക്കം നേരിടുന്ന കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനും പുതിയ വിഭവ സമാഹരണത്തിനുമുള്ള മാർഗങ്ങൾ സ്വാഗതം ചെയ്ത മറ്റുള്ളവർ രേഖയിൽ വിവിധ വിഷയങ്ങളിൽ കൂട്ടിച്ചേർക്കലുകൾ മുന്നോട്ടുവെച്ചു. പുതുവഴി രേഖ ചർച്ചക്ക് സമാപനദിനമായ ഞായറാഴ്ച രാവിലെ പിണറായി വിജയൻ മറുപടി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.