കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷി​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈകോടതി വീണ്ടും മാറ്റി. ജൂൺ 30ലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കാനെടുത്തപ്പോൾ വിശദമായ വാദം കേൾക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് ഹൈകോടതി അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച കൂടുതൽ കേസുകളിൽ വാദം നടക്കുന്നതിനാൽ സമയം ലഭിക്കില്ലെന്നും മറ്റൊരു ദിവസത്തിലേക്ക് മാറ്റാമെന്നും കോടതി പറഞ്ഞു.

എന്നാൽ, ഇപ്പോൾ തന്നെ വാദിക്കാൻ അനുവദിക്കണമെന്നും അര മണിക്കൂർ അനുവദിച്ചാൽ മതിയെന്നും ബിനീഷിന് വേണ്ടി ഹാജരായ അഡ്വ. ഗുരുകൃഷ്ണകുമാർ അറിയിച്ചു. സമയം കുറവായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായിരിക്കും ഉചിതമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയും പറഞ്ഞു. തുടർന്ന് ഉച്ചയോടെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജൂൺ 30ലേക്ക് മാറ്റിയത്. അടുത്ത ബുധനാഴ്ച ബിനീഷിെൻറ അഭിഭാഷകനും തൊട്ടടുത്ത ദിവസം ഇ.ഡിക്കും വിശദമായ വാദം അവതരിപ്പിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. പിതാവ് കോടിയേരി ബാലകൃഷ്ണ െൻറ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്. ജൂൺ 16ന് ജാമ്യാേപക്ഷ പരിഗണിച്ചപ്പോൾ ബിനീഷിെൻറ അഭിഭാഷകന് അസുഖമായതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.