കൽപറ്റ: നാട്ടിലേക്കുള്ള തീവണ്ടി കാത്തിരുന്ന് മടുത്തതിനെ തുടർന്ന് കോഴിക്കോട്ടേക്ക് നടന്നുപോകാൻ ശ്രമിച്ച ബിഹാർ സ്വദേശികളെ പാതിവഴിയിൽ തടഞ്ഞ് താമസസ്ഥലത്തേക്കുതന്നെ തിരിച്ചയച്ചു. നാട്ടിലേക്ക് മടങ്ങാൻ മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്ക് നടന്നുപോകാൻ ശ്രമിച്ച 11 പേരെയാണ് പൊലീസ് തിരിച്ച് താമസസ്ഥലത്താക്കിയത്.
വർഷങ്ങൾക്കു മുമ്പാണ് സംഘം ബിഹാറിൽനിന്ന് മാനന്തവാടിയിലെ ഇഷ്ടികക്കളത്തിലേക്ക് ജോലിക്കെത്തിയത്. ലോക്ഡൗണിനെ തുടർന്ന് മാർച്ച് മുതൽ ഇവർക്ക് ജോലിയില്ലാതായി. പണവും തീർന്നു. ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു.
മടക്കം നീണ്ടുപോയതോടെയാണ് ശനിയാഴ്ച പുലർച്ച സംഘം കോഴിക്കോട്ടേക്ക് നടക്കാൻ തീരുമാനിച്ചത്. 50 കിലോമീറ്റർ നടന്ന് ലക്കിടിയിലെത്തിയപ്പോൾ പൊലീസ് തടയുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ജില്ലയിൽനിന്ന് 7000ത്തോളം അന്തർ സംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
1000 പേർക്കു മാത്രമാണ് മടങ്ങാനായത്. അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.