കൊച്ചി: ജിമ്മിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയെന്ന കേസിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് പി.ഡി. ജിന്റോക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഹരജിക്കാരൻ എട്ടിന് പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും അറസ്റ്റുണ്ടാകുന്നപക്ഷം 50,000 രൂപയുടെ സ്വന്തവും തതുല്യ തുകക്കുള്ള രണ്ടുപേരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു.
ജിന്റോയുടെ ഉടമസ്ഥതയിൽ എറണാകുളം വെണ്ണലയിലുള്ള ജിം പരാതിക്കാരിയായ യുവതി ഏറ്റെടുത്ത് നടത്തുകയാണ്. ജിമ്മിൽ കയറിയ ജിന്റോ 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് പരാതി.
പാലാരിവട്ടം പൊലീസെടുത്ത കേസിലാണ് ജിന്‍റോ മുൻകൂർജാമ്യ ഹരജി നൽകിയത്. ഹരജിക്കാരൻ അന്വേഷണവുമായി സഹകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.