തൃക്കരിപ്പൂർ: സാങ്കേതികവിദ്യ വികാസത്തിൽ കുതിക്കുന്ന സൈക്ലിങ് മേഖലയിൽ ഒപ്പമെത്താനാവാതെ സൈക്കിൾ ഷോപ്പുകൾ കിതക്കുന്നു. ചൈനീസ് ഉൽപന്നങ്ങളുടെ വരവോടെയാണ് സൈക്കിൾ വിപണി അടിമുടി മാറിയത്. ചുരുങ്ങിയ വിലക്ക് ഗുണമേന്മയും സാങ്കേതികത്തികവുമുള്ള സൈക്കിളുകൾ വിപണിയിൽ എത്തിയതോടെ പ്രാദേശിക നിർമാതാക്കളും മത്സരത്തിൽ പങ്കുചേരുകയായിരുന്നു. 5,000 രൂപയിൽ താഴെയുണ്ടായിരുന്ന സൈക്കിൾ വില ഇന്ന് 12,000 മുതൽ നാലു ലക്ഷത്തോളം രൂപവരെ എത്തിനിൽക്കുന്നു.
പുതിയ സൈക്കിളുകളുടെ വരവോടെ പരമ്പരാഗത സൈക്കിൾ ഷോപ്പുകൾ വലിയ പ്രതിസന്ധിയിലാണ്. കാര്യമായ പരിചരണം ആവശ്യമില്ലാത്ത, തുരുമ്പെടുക്കാത്ത ലോഹക്കൂട്ടുകൾകൊണ്ട് നിർമിച്ച സൈക്കിളുകൾ യഥേഷ്ടം ലഭ്യമാണ്. വിൽപന കേന്ദ്രങ്ങളിൽതന്നെ അറ്റകുറ്റപ്പണിയും സർവിസും നടത്തിക്കൊടുക്കുന്നു. ചൈനക്കുപുറമെ ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സൈക്കിളുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
സൈക്കിൾ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ എത്തുന്ന സൈക്കിളുകൾ ഫിറ്റ് ചെയ്തുകൊടുക്കുന്ന ജോലിയാണ് അവശേഷിക്കുന്ന സൈക്കിൾ ഷോപ്പുകൾ പ്രധാനമായും ചെയ്തുവരുന്നത്. എന്നാൽ, പുതിയ സാങ്കേതിക വിദ്യയും ഉപകരണങ്ങളും വശമില്ലാത്ത ഒരുവിഭാഗം കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. സൈക്കിൾ വാടകക്ക് നൽകിയിരുന്ന ഒട്ടേറെ കടകളാണ് പൂട്ടിപ്പോയത്. എൺപതുകളിൽ, മണിക്കൂറിന് 60 പൈസ വാടക ഈടാക്കി നൂറോളം വാടക സൈക്കിളുകൾ സൂക്ഷിച്ചിരുന്ന തങ്കയം മുക്കിലെ കെ.വി.കുഞ്ഞിക്കണ്ണൻ (64) ഇന്നും തെൻറ കടയിലെത്തുന്നു. വാടക സൈക്കിളുകൾക്കായി മണിക്കൂറുകളോളം കാത്തിരുന്ന അന്നത്തെ ചെറുപ്പത്തെ കുറിച്ച് അദ്ദേഹത്തിന് ഏറെ പറയാനുണ്ട്. പുതിയ തലമുറയിൽ വളരെ അപൂർവം ആളുകളാണ് മേഖലയിൽ തുടരുന്നത്.
ഗിയർ സൈക്കിളുകളുടെ വരവോടെയാണ് സൈക്കിൾ വിപണിയിൽ പുത്തനുണർവ് ഉണ്ടായത്. സൈക്ലിങ് പ്രചാരം നേടുന്നതിനുപിന്നിൽ സൈക്ലിങ് ക്ലബുകളുടെ പങ്ക് വളരെ വലുതാണ്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പെഡലേഴ്സ് ക്ലബുകൾ സജീവമാണ്. ഇതോടെ സൈക്കിൾ വിപണിയും സജീവമായി.
ചെയിനിെൻറ കണ്ടുപിടിത്തം തുടക്കകാലത്ത് അത്ഭുതമായിരുന്നെങ്കിൽ ചെയിൻ ഇല്ലാതെ ഷാഫ്റ്റുകൾ വഴി കറങ്ങുന്ന സൈക്കിളുകളാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഇപ്പോഴുള്ള ഗിയർ സംവിധാനം പൂർണമായും ഹബ്ബിനകത്ത് ക്രമീകരിക്കുന്ന പരീക്ഷണങ്ങളും അവസാന ഘട്ടത്തിലാണ്. ഭാരം കുറയുന്നതിന് ആനുപാതികമായാണ് സൈക്കിളിന് വില വർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.