തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. പൊലീസും ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാൽ നിമയാനുസൃതമായ നടപടികൾ സ്വീകരിക്കും.
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രചാരണത്തിന് ഉപയോഗിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻറ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ഇല്ലാതെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. സ്ഥാനാർത്ഥികൾക്ക് മണ്ഡലങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങൾക്ക് കലക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേൻ ആൻറ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
സംസ്ഥാന തലത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻറ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരവും വേണം. പോളിംഗ് ദിവസവും തൊട്ടു മുൻപുള്ള ദിവസവും അച്ചടി മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.