'തേൻകെണി'യിൽ കുടുങ്ങി കരടി; രക്ഷപ്പെടുത്തിയത്​ രണ്ടുദിവസത്തിന്​ ശേഷം

അതിരപ്പിള്ളി: വാൽപ്പാറയിൽ മരത്തിൽ കുടുങ്ങിയ കരടിയെ ശുശ്രൂഷകൾക്ക് ശേഷം കാട്ടിലേക്ക്​ തുറന്നുവിട്ടു. രക്ഷപ്പെടാനാവാതെ രണ്ട് ദിവസത്തിലേറെ കരടി മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. കരടിക്ക്​ രണ്ടു വയസ് പ്രായം വരും. വാൽപ്പാറയിൽ വാട്ടർ ഫാൾ എസ്റ്റേറ്റിലെ പത്താംനമ്പർ ബ്ലോക്കിലെ ചൗക്ക് മരത്തിലാണ് കരടി കുടുങ്ങിയത്.

മരത്തിലെ തേനീച്ചക്കൂട്ടിൽ നിന്ന്​ തേനെടുക്കാൻ ശ്രമിക്കുന്നതിനിടെ കരടിയുടെ വലതുകാല്‍ മരത്തിന്‍റെ ചില്ലയിൽ കുടുങ്ങുകയായിരുന്നു. കാൽ വലിച്ചെടുക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വലിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റതോടെ രക്ഷപ്പെടൽ അസാധ്യവുമായി. മരത്തിൽ ഏറെ നേരമായി ഇരിക്കുന്ന കരടിയെ എസ്റ്റേറ്റിലെ തൊഴിലാളികൾ കണ്ടെങ്കിലും അവർക്ക് ആദ്യം കാര്യം മനസ്സിലായില്ല. മാത്രമല്ല കരടികളുടെ ഉപദ്രവമുള്ള പ്രദേശമായതിനാൽ തൊഴിലാളികൾ ഭയന്ന് സ്ഥലം വിടുകയായിരുന്നു.

എന്നാൽ പിറ്റേ ദിവസവും കരടി അവിടെ തന്നെ ഇരിക്കുന്നതു കണ്ടതോടെയാണ്​ തൊഴിലാളികൾ വനപാലകരെ വിവരമറിയിച്ചത്​. എന്നാൽ വിവരമറിഞ്ഞെത്തിയ വനപാലകർ കുഴപ്പമില്ല കരടി തനിയെ പോകും എന്ന് പറഞ്ഞ് തിരിച്ചുപോയി. എന്നാൽ പിറ്റേദിവസവും അതേ സ്ഥലത്ത് തന്നെ കണ്ടതോടെ തീ പന്തം കാണിച്ച്​ ഓടിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും കരടി അനങ്ങാൻ കഴിയാതെ അവിടെ തന്നെ തുടരുകയായിരുന്നു.

പിന്നാലെ വനപാലകർ കാരണം അന്വേഷിച്ചപ്പോഴാണ്​ കരടിയുടെ കാൽ മരത്തിന്‍റെ ശാഖകൾക്കിടയിൽ കുടുങ്ങിയതായി മനസിലായത്. തുടർന്ന് മരം വെട്ടി താഴെയിട്ടെങ്കിലും കരടിക്ക് പോകാനായില്ല. തുടർന്ന് മയക്കുവെടി ​െവച്ച് പിടികൂടി. തുടർന്ന് ആനമല ടൈഗർ റിസോർട്ടിലെത്തിച്ച് പരിക്കേറ്റ ഭാഗത്ത് ശുശ്രൂഷകൾ നൽകി.

വാൽപ്പാറയിൽ ഈയിടെയായി കരടി ശല്യം വർധിച്ചു വരികയാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ മാസം രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു തോട്ടം തൊഴിലാളിയെ കരടി കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.