​ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ കേസില്ല, തടഞ്ഞാൽ നടപടി

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെക്കുറിച്ച ബി.ബി.സി ഡോക്യുമെന്ററി സംസ്ഥാനത്ത് പ്രദർശനം തുടരുന്നു. ഡോക്യുമെന്‍ററി പ്രദർശനം സംസ്ഥാനത്ത് നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അനുമതിയോടെയുള്ള പ്രദർശനം അനുവദിക്കുമെന്നും സംഘാടകർക്കെതിരെ കേസെടുക്കില്ലെന്നും പൊലീസ് പറഞ്ഞു. പ്രദർശനം തടയാനെന്ന പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയാകും സ്വീകരിക്കുക.

കാമ്പസുകളിലും പൊതുഇടങ്ങളിലുമാണ് പ്രദർശനം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ് തുടങ്ങിയ യുവജന-വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രദർശനം. 

ഇതിനെതിരെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധങ്ങളും തുടരുന്നുണ്ട്. എന്നാൽ പൊലീസ് ഉചിത നടപടി സ്വീകരിക്കുന്നതിനാൽ അനിഷ്ടസംഭവങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നില്ല. തിരുവനന്തപുരം, പാലക്കാട്, വയനാട്, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ ഡോക്യുമെന്‍ററി പ്രദർശനം തടയാൻ ശ്രമിച്ച ബി.ജെ.പി-യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡോക്യുമെന്ററി പ്രദർശനം ഏറ്റെടുത്ത് കെ.പി.സി.സി

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെക്കുറിച്ച ബി.ബി.സി ഡോക്യുമെന്ററി തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് പൊതുജനങ്ങള്‍ക്കായി കെ.പി.സി.സി പ്രദര്‍ശിപ്പിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ.പി.സി.സി ഭാരവാഹികളായ വി.ടി. ബല്‍റാം, ജി.എസ്. ബാബു, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം തുറന്നുകാട്ടുന്ന ഡോക്യുമെന്ററിക്കെതിരെ ബി.ജെ.പി അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും പ്രദര്‍ശനത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും പ്രധാനമന്ത്രി മോദിക്കുള്ള കുറ്റബോധം കാരണമാണെന്ന് ഹസന്‍ പറഞ്ഞു. കാലമെത്ര കഴിഞ്ഞാലും ഗുജറാത്ത് കലാപത്തിന്റെ പാപക്കറ മോദിയെയും അമിത് ഷായെയും വിട്ടുപോകില്ല. സുപ്രീംകോടതി വിധിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനും സത്യം കുഴിച്ചുമൂടാന്‍ കഴിയില്ല. സംഘ്പരിവാറിന്റെയും മോദിയുടെയും അമിത് ഷായുടെയും പങ്കാണ് ഡോക്യുമെന്ററിയിലൂടെ തുറന്നുകാട്ടുന്നത്. രാജ്യത്തുടനീളം അത് പ്രദര്‍ശിപ്പിച്ച് ജനകീയ കോടതിയില്‍ വിചാരണ ചെയ്യാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്യുമെന്ററി ഒന്നാം ഭാഗത്തിന്റെ ആമുഖവും രണ്ടാം ഭാഗവുമാണ് ശംഖുംമുഖത്ത് പ്രദര്‍ശിപ്പിച്ചത്. ഇതിന് മുമ്പായി പാര്‍ട്ടി നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമായി കെ.പി.സി.സി ആസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടരുമെന്ന് വി.ടി. ബല്‍റാം അറിയിച്ചു.

Tags:    
News Summary - bbc documentary screening kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.