കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ 16 വർഷം നീണ്ട ന്യായാധിപ ജീവിതത്തിൽനിന്ന് വിരമിക്കുന്നു. കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം വ്യാഴാഴ്ച വിരമിക്കും. 2004ൽ കേരള ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട തോട്ടത്തിൽ രാധാകൃഷ്ണൻ പിന്നീട് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2017 മാർച്ച് 18ന് ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസായി. പിന്നീട് ആന്ധ്ര ഹൈകോടതിയിലും ചീഫ് ജസ്റ്റിസായി.
2019 ജനുവരി ഒന്നിന് തെലങ്കാന ഹൈകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്റ്റിസാകുന്നത്. അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എൻ. ഭാസ്കരൻ നായരുടെയും എൻ. പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച രാധാകൃഷ്ണൻ കൊല്ലത്തും തിരുവനന്തപുരത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫാത്തിമമാതാ നാഷനൽ കോളജിലെ ഉപരിപഠനത്തിനുശേഷം കോലാറിലെ കെ.ജി.എഫ് േലാ കോളജിൽനിന്ന് നിയമബിരുദം നേടി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം തിരുവനന്തപുരത്താണ് പ്രാക്ടീസ് ആരംഭിച്ചത്. 1988ൽ ഹൈകോടതി അഭിഭാഷകനായി. മീരസെൻ ആണ് ഭാര്യ. പാർവതി നായർ, കേശവരാജ് നായർ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.