കണ്ണൂർ: എൽ.ഡി.എഫ് ആത്മവിശ്വാസത്തിലാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സംസ്ഥാന സർക്കാർ കർക്കശമായ നിലപാട് സ്വീകരിച്ചു. ഇടത് സർക്കാർ അല്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാട് ഉണ്ടാവില്ലായിരുന്നുവെന്ന് വിശ്വാസികൾ കരുതുന്നു. അതിനാൽ, സർക്കാറിന് വിശ്വാസികളുടെ പിന്തുണയുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പിണറായി വ്യക്തമാക്കി.
കോൺഗ്രസിൽ സ്ത്രീലമ്പടന്മാർ എന്താണ് കാണിച്ചുകൂട്ടുന്നത്. വന്ന തെളിവുകളും ഇരയായ ആളുകൾ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാൽ ഗൗരവമായി കാണണം. നിങ്ങളെ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരെയും ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വരുന്നുവെന്ന് ആലോചിക്കണം.
നിരവധി കാര്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. വന്നതിനേക്കാൾ അപ്പുറത്തുള്ള കാര്യങ്ങളും വന്നേക്കാമെന്നാണ് നാം കാണേണ്ടതാണ്. ലൈംഗിക വൈകൃത കുറ്റവാളിലെ നാടിന് മുന്നിൽ വന്ന് നിന്ന് വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജമാഅത്തെ ഇസ് ലാമി മുസ് ലിം ബഹുജനങ്ങൾ തള്ളിയ സംഘടനയാണ്. അവരെയാണ് യു.ഡി.എഫ് കൂട്ടുപിടിച്ചത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പമാണ് സർക്കാരും നാടും. ആ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.