മൂവാറ്റുപുഴ: ജപ്തിവിവാദത്തിന് പിന്നാലെ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലും സ്ഥാനം രാജിവെച്ചു. സി.ഇ.ഒ ജോസ് കെ. പീറ്റർ കഴിഞ്ഞയാഴ്ച രാജി വെച്ചതിന് പിന്നാലെയാണ് ചെയർമാന്റെ രാജി. കേരള ബാങ്ക് പ്രസിഡന്റിന്റെ കൂടി ചുമതലയുള്ളതിനാൽ ഒന്നിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് രാജിയെന്നാണ് ഗോപി കോട്ടമുറിക്കലിന്റെ വിശദീകരണം.
അതേസമയം, ബാങ്കിന്റെ ശനിയാഴ്ച ചേർന്ന ബോർഡ് യോഗം ജപ്തി വിവാദം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, പേഴക്കാപ്പിള്ളി ബ്രാഞ്ച് മാനേജർ സജീവ് എന്നിവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
മൂവാറ്റുപുഴ പായിപ്രയിൽ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ദലിത് കുടുംബാംഗമായ വലിയപറമ്പിൽ അജേഷിന്റെ മൂന്ന് പെൺകുട്ടികളെ അടക്കം തെരുവിലേക്ക് ഇറക്കിവിട്ട് വീട് അർബൻ ബാങ്ക് ജപ്തി ചെയ്ത സംഭവം വൻ വിവാദമായിരുന്നു. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം.
സംഭവമറിഞ്ഞ് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എ വീടിന്റെ പൂട്ട് തകർത്ത് രാത്രി കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നു. വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ബാങ്ക് സി.ഇ.ഒക്ക് പിന്നാലെ ചെയർമാനും രാജിവെക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സഹകരണ മന്ത്രി നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.