കൊച്ചി: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഉത്സവ പറമ്പുകളിൽ ബലൂൺ വിറ്റ് നടന്നായിരുന്നു ഇരുവരും ജീവിച്ചിരുന്നത്. ഇടുക്കി സ്വദേശികളായ ഇവരുടെ ഉപജീവന മാർഗം പാടെ തകർക്കുകയായിരുന്ന ലോക്ഡൗൺ. താമസിയാതെ കൂടുതൽ ലാഭകരമായ ബിസിനസിലേക്ക് ഇവർ എത്തിപ്പെട്ടു. ബൈക്ക് മോഷണം. വലിയ പൈസയാണ് ഇതിലൂടെ ഇവർ സമ്പാദിച്ചത്.
അവസാനം എറണാകുളം പൊലീസിന്‍റെ വലയിൽ അകപ്പെട്ടു ഇരുവരും. 24കാരനായ ബിനു വർഗീസും പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവെയാണ് പൊലീസ് പിടികൂടിയത്. തടിയൻപറമ്പ് സ്വദേശിയായ അസൈനാരുടെ ബൈക്കായിരുന്നു അത്.
കഴിഞ്ഞ ആഴ്ചയാണ് ബൈക്ക് മോഷണം പോയത്. എറണാകുളം, കോട്ടയം ജില്ലയിൽ നിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിക്കുന്നത്. ബലൂൺ വിൽപ്പന മൂലം ഉണ്ടായ പരിചയങ്ങൾ മോഷ്ടിച്ച ബൈക്കുകൾ വിൽക്കാനും ഇവർക്ക് പ്രയോജനകരമായി. മയക്കുമരുന്ന് കേസിൽ ബിനു വർഗീസ് നേരത്തേ പിടിയിലായിട്ടുണ്ട്. മൂന്ന് ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ് കൗമാരക്കാരൻ.
പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ നാല് പേരെ കഴിഞ്ഞ ആഴ്ച പെരുമ്പാവൂർ പൊലീസ് ബൈക്ക് മോഷണത്തിന് പിടികൂടിയിട്ടുണ്ട്. ഇവരെയും മോഷ്ടിച്ച ബൈക്കുകളിൽ യാത്ര ചെയ്യവെയാണ് പൊലീസ് പിടികൂടിയത്.
'വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കുന്നത് എളുപ്പത്തിൽ പണം ഉണ്ടാക്കാനുള്ള വഴിയായി ഇവർ കണ്ടെത്തുന്നു. ലോക്ഡൗൺ ഡ്യൂട്ടികളിൽ തിരിക്കിലായ പൊലീസ് ഇവരെ പിടികൂടില്ല എന്ന തോന്നലും മോഷണത്തിന് കാരണമായിട്ടുണ്ട്' എന്ന് പെരുമ്പാവൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.