പ്രതിപക്ഷനേതാവിന്‍റെ വസതിയിൽ അതിക്രമിച്ച് കയറിയ ഡി.വൈ.എഫ്.ഐക്കാർക്ക് ജാമ്യം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയിലേക്ക് വധഭീഷണി മുഴക്കി ഇരച്ചുകയറുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം മുഴക്കിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തപ്പോൾ പൊലീസിന്‍റേത് ഇരട്ടത്താപ്പ് നയമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗമായ അഭിജിത്ത്, പ്രവര്‍ത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കടന്നത്. മൂന്നുപേരുടെയും കൈയിൽ ആ‍യുധങ്ങൾ ഉണ്ടായിരുന്നതായും ''എവിടെടാ നിന്‍റെ പ്രതിപക്ഷ നേതാവ് അവനെ കൊല്ലുമെന്ന്'' പ്രവർത്തകർ ആക്രോശിച്ചതായും വി.ഡി. സതീശന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരായ ശ്രീജിത്ത്, ദിദിൻ എന്നിവർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറ‍യുന്നു.

ആക്രമികളെ അപ്പോൾ തന്നെ മ്യൂസിയം പൊലീസിന് കൈമാറി. എന്നാൽ, മാരകായുധങ്ങളുമായി ഔദ്യോഗിക വസതിക്കകത്ത് അതിക്രമിച്ച് കയറുക, ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അസഭ്യം പറയുക, ദോഹോപദ്രവം ഏൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുന്നതിന് പകരം ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി പുറത്തിറക്കുകയാണ് മ്യൂസിയം പൊലീസ് ചെയ്തതെന്നാണ് ആരോപണം.

News Summary - Bail for DYFI activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.