കൊച്ചി: പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യമായാൽ പ്രതിക്ക് ജാമ്യം നിഷേധിക്കാമെന്ന് ഹൈകോടതി. എന്നാൽ, ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതിയോ അന്വേഷണ ഉദ്യോഗസ്ഥനോ തീരുമാനമെടുക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മയക്കുമരുന്ന് കേസിലെ പ്രതിയായ ഇടുക്കി വാളറ പത്താംമൈൽ നൂലുവേലിൽ അൻസാർ അസീസിന്റെ ജാമ്യഹരജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. 5.125 കിലോഗ്രാം കഞ്ചാവടക്കമുള്ള മയക്കുമരുന്നുമായി പിടിയിലായ കേസിലെ രണ്ടാംപ്രതിയായിരുന്നു ഹരജിക്കാരൻ. ഒന്നാംപ്രതിക്ക് കഞ്ചാവ് എത്തിച്ച് നൽകിയെന്നതായിരുന്നു കേസ്.
എന്നാൽ, ഒന്നാംപ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്നും തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. തന്റെ കൈയിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും വാദിച്ചു.
എന്നാൽ, ഹരജിക്കാരന് കേസിൽ പ്രധാന പങ്കുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതേ വാദങ്ങളുന്നയിച്ച് നേരത്തേ പ്രതി സമർപ്പിച്ച ജാമ്യഹരജി കോടതി തള്ളിയിരുന്നു. ജാമ്യഹരജി പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നതാണ് പരിശോധിക്കുന്നതെന്നും മയക്കുമരുന്ന് കേസിൽ ഗൂഢാലോചനയും പ്രേരണയും കുറ്റക്കാരനായി കണ്ടെത്താൻ പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി. ഒന്നാംപ്രതിയും ഹരജിക്കാരനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകളുള്ളതിനാൽ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.