തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പിടികൂടിയതടക്കം വിവിധ കേസുകളിലെ അന്വേഷണമികവിനും വിവിധ ഓഫിസുകളിലെ പ്രവർത്തനമികവിനും 269 ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് അജ്ഞാതർ തീവെച്ചത്.
ലോക്കൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ മേയിലാണ് പ്രതികളെ പിടികൂടിയത്. ബി.ജെ.പിയുടെ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറടക്കം പ്രാദേശിക നേതാക്കൾ അറസ്റ്റിലായി. ഈ കേസന്വേഷണത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് -1 എസ്.പി വി. സുനിൽകുമാർ, ഡിവൈ.എസ്.പി എം.ഐ. ഷാജി എന്നിവർക്കും അംഗീകാരമുണ്ട്. 2011ൽ മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇരട്ട തിരോധാനക്കേസിലെ കണ്ടെത്തലിനാണ് മറ്റൊരു അംഗീകാരം. അമ്മയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയ തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ, അഡീഷനൽ എസ്.പി എം.കെ. സുൽഫിക്കർ എന്നിവർക്കാണ് ഈ കേസിൽ ബാഡ്ജ് ഓഫ് ഓണർ അനുവദിച്ചത്.
കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രതികളെ പിടികൂടിയ അസി. കമീഷണർ ജെ.കെ. ദിനിലിനും സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ കൊല്ലത്തെ വിസ്മയയുടെ കേസന്വേഷിച്ച ഡിവൈ.എസ്.പി രാജ്കുമാറിനെയും അന്വേഷണമികവിനുള്ള ബാഡ്ജ് ഓഫ് ഓണറിന് തെരഞ്ഞെടുത്തു.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി ജി. സ്പർജൻ കുമാർ എന്നിവരും ഇത്തവണത്തെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.