ഡോ. ബി. അശോക്
കൊച്ചി: കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിന്‍റെ സ്ഥലം മാറ്റം ചോദ്യം ചെയ്യുന്ന ഹരജിയിലെ എതിർകക്ഷി സ്ഥാനത്ത് നിന്ന് ഗവർണറെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) നീക്കം ചെയ്തു.
ഹരജിയിൽ ഗവർണറുടെ താൽപര്യമെന്തെന്ന് ട്രൈബ്യൂണൽ വാക്കാൽ ആരാഞ്ഞു. തുടർന്ന് ഗവർണറെ കക്ഷി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാമെന്ന് അശോകിന്‍റെ അഭിഭാഷക തന്നെ അറിയിക്കുകയായിരുന്നു. ഗവർണറെ കക്ഷി ചേർത്ത നടപടി കഴിഞ്ഞ ദിവസം സർക്കാർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഈ വിഷയം അടിയന്തരമായി തീർപ്പാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയ നടപടി സ്റ്റേ ചെയ്തുള്ള ഇടക്കാല ഉത്തരവ് നിലനിൽക്കേ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചെങ്കിലും അതും സി.എ.ടി സ്റ്റേ ചെയ്തിരുന്നു. ഈ രണ്ട് ഇടക്കാല ഉത്തരവുകൾക്കെതിരെയാണ് സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകിയത്.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കേരള ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ നൽകിയ ഹരജി 29നും ബി. അശോകിന്‍റെ ഹരജികൾ 30നും ട്രൈബ്യൂണൽ പരിഗണിക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന്റെ കാര്യത്തിൽ സിവിൽ സർവീസ് ബോർഡിന്റെ (സി.എസ്.ബി) ശിപാർശ വേണം എന്ന സി.എ.ടിയുടെ 2023ലെ ഇടക്കാല ഉത്തരവും സർക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. ഇതടക്കം സി.എ.ടി പരിഗണിക്കാനാണ് ഹൈകോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.