സദാനന്ദൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം (ഫയൽ ചിത്രം), ആസാദ് മലയാറ്റിൽ 

'സദാനന്ദന്റെ കാലുകളെടുത്തത് വിചാരധാരയിലെ കൽപനകൾ നടപ്പാക്കാൻ ആയുധമെടുത്തതിന്റെ പരിണതിയല്ലേ.. എന്നിട്ടിപ്പോൾ വിശുദ്ധി നടിക്കുന്നുവോ..? സി.പി.എമ്മിനെ അക്രമികളായി സ്ഥാപിക്കാൻ ഒരു ഐക്കൺ നിർമിക്കുകയാണ് മോദിയും ബി.ജെ.പിയും'

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെ വിമർശിച്ച് ഇടതു ചിന്തകൻ ഡോ. ആസാദ്. 'സി.പി.എം അക്രമത്തിൽ രണ്ടുകാലുകൾ നഷ്ടപ്പെട്ട സി.സദാനന്ദൻ രാജ്യസഭയിലേക്ക്' എന്ന് മാധ്യമങ്ങൾ എഴുതുന്നത് അത്ര നിഷ്കളങ്കമല്ലെന്നും സി.പി.എമ്മിനെ അക്രമികളായി സ്ഥാപിക്കാൻ ഒരു ഐക്കൺ നിർമിക്കുകയാണ് മോദിയും ബി.ജെ.പിയുമെന്ന് ആസാദ് പറഞ്ഞു.

ഹിംസയിൽ അഭിരമിക്കുന്ന ഒരു അരാഷ്ട്രീയ ക്വട്ടേഷൻ സേനയെ വളർത്തുന്ന സി.പി.എമ്മിനെ അക്രമിസംഘമായി മുദ്രകുത്താൻ എളുപ്പം കഴിയുമെങ്കിലും കാര്യങ്ങൾ ബി.ജെ.പി അഭിനയിക്കുന്നതുപോലെ അത്ര ലളിതമല്ലെന്നും ആസാദ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

കണ്ണൂരും പരിസരത്തും നടന്ന കൊലപാതക പരമ്പകളിൽ ആർ.എസ്.എസിനുള്ള പങ്ക് ചെറുതല്ലെന്നും വിചാരധാരയിലെ കല്പനകൾ നടപ്പാക്കാൻ ആയുധമെടുത്ത് ചോര വീഴ്ത്തി തുടങ്ങിയതിന്റെ പരിണതികളിലെ ഒരു ഘട്ടമല്ലേ സദാനന്ദന്റെ കാലുകളെടുത്തതെന്നും ആസാദ് ചോദിക്കുന്നു.

നിശബ്ദവും മതാത്മകവും ആചാരബദ്ധവുമായ ഹിന്ദുത്വശീല വ്യാപനവും അതിനനുകൂലമായ രാഷ്ട്രീയ സമ്മത നിർമാണവും രൂപപ്പെടുത്താൻ ആർ.എസ്.എസ് സമയം കണ്ടെത്തിയപ്പോൾ സി.പി.എം ഭരണ വ്യവഹാരങ്ങളുടെ ലഹരിയിൽ അടിത്തട്ട് ജീവിതത്തിന്റെ അടിയൊഴുക്കുകൾ കാണാതെ പോയതോടെ കീഴടങ്ങലിന് വഴിയൊരുക്കിയെന്നും ആസാദ് വിമർശിക്കുന്നു.

ഇവിടെ രമേശ് ചെന്നിത്തലയുടെ ചോദ്യം പ്രസക്തമാണെന്നും സുരേഷ് ഗോപിയെ മുമ്പ് നോമിനേറ്റ് ചെയ്തത് അദ്ദേഹം കലാരംഗത്തു നൽകിയ സംഭാവനകൾ മുൻ നിർത്തിയാണ്, എന്നാൽ, ഏത് വിഭാഗത്തിൽ ഏതു പ്രഭാവത്തിൽ ഉൾപ്പെടുത്തിയാണ് സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്? എന്ന് ആസാദും കൂട്ടിച്ചേർത്തു.

വിപുലവും ശക്തവുമായ ഒരു ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി കേരളത്തിൽ രൂപപ്പെടേണ്ടതുണ്ടെന്നും വൈകുന്ന ഓരോ നിമിഷവും നാം ആപത്തിലേക്ക് തലകുത്തി വീഴുകയാണെന്നും ആസാദ് പോസ്റ്റിൽ ഓർമിപ്പിക്കുന്നു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിനുറുക്കാൻ ശ്രമിച്ച സി സദാനന്ദന് രാജ്യസഭ അംഗത്വം നൽകുന്നതിലൂടെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ആർ.എസ്.എസ് ക്രിമിനൽ രാഷ്ട്രീയത്തെയാണെന്ന് സി.പി.എം പ്രതികരിച്ചു.

ഡോ. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"സി പി എം അക്രമത്തിൽ രണ്ടുകാലുകൾ നഷ്ടപ്പെട്ട സി സദാനന്ദൻ രാജ്യസഭയിലേക്ക് എന്ന് മാദ്ധ്യമങ്ങൾ എഴുതുന്നതു കണ്ടു. എത്ര നിഷ്കളങ്കമായ ആഖ്യാനം! സി പി എമ്മിനെ അക്രമികളായി സ്ഥാപിക്കാൻ ഒരു ഐക്കൺ നിർമ്മിക്കുകയാണ് മോദിയും ബി ജെ പിയും.

ഹിംസയിൽ അഭിരമിക്കുന്ന ഒരു അരാഷ്ട്രീയ ക്വട്ടേഷൻ സേനയെ വളർത്തുന്ന പാർട്ടിയാണ് സി പി എം എന്ന കാര്യത്തിൽ സന്ദേഹമില്ല. ടി പി വധത്തോടെ അതിന്റെ വിശദാംശങ്ങൾ തുറന്നുകാട്ടപ്പെട്ടു. ആ ഹിംസയിലും രാഷ്ട്രീയ വ്യതിയാനത്തിലും കുറ്റബോധമോ തിരുത്തോ പ്രകടിപ്പിക്കാൻ വേണ്ട മനസ്സോ ആർജ്ജവമോ സി പി എം പ്രകടിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ സി പി എമ്മിനെ അക്രമിസംഘമായി മുദ്രകുത്താൻ എളുപ്പം കഴിയുന്നു ബി ജെ പിക്ക്.

എന്നാൽ, ബി ജെ പി അഭിനയിക്കുന്നതുപോലെ അത്ര ലളിതമാണോ കാര്യങ്ങൾ? കണ്ണൂരും പരിസരത്തും നടന്ന അക്രമ- കൊലപാതക പരമ്പരകൾ തുടങ്ങിവെച്ചതിൽ ആർ എസ് എസ്സിനുള്ള പങ്ക് ചെറുതാണോ? അവർ അവകാശപ്പെടുന്നതുപോലെ ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ് ആർ എസ് എസ് എങ്കിൽ എന്തിനാണ് സി പി എംപോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ അക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചത്? വിചാരധാരയിലെ കല്പനകൾ നടപ്പാക്കാൻ ആയുധമെടുത്ത് ചോര വീഴ്ത്തി തുടങ്ങിയതിന്റെ പരിണതികളിലെ ഒരു ഘട്ടമല്ലേ സദാനന്ദന്റെ കാലുകളെടുത്തത്? എന്നിട്ടിപ്പോൾ വിശുദ്ധി നടിക്കുന്നത് ഹിന്ദുത്വ രാഷ്ട്രം പിറന്നു എന്ന തെറ്റായ ധാരണയിലാവാനാണ് സാദ്ധ്യത.

രമേശ് ചെന്നിത്തല ഉന്നയിച്ച ഒരു ചോദ്യം പ്രസക്തമാണ്. ഏത് വിഭാഗത്തിൽ ഏതു പ്രഭാവത്തിൽ ഉൾപ്പെടുത്തിയാണ് സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്? സുരേഷ് ഗോപിയെ മുമ്പ് നോമിനേറ്റ് ചെയ്തത് അദ്ദേഹം കലാരംഗത്തു നൽകിയ സംഭാവനകൾ മുൻ നിർത്തിയാണെന്ന് പറയാം. ജ്ഞാനപീഠം ലഭിച്ച ജി ശങ്കരക്കുറുപ്പിന് രാജ്യസഭാംഗത്വം ലഭിച്ച കാലം മുതൽ കേരളത്തിന് ഈ നോമിനേഷനുകൾക്ക് വേണ്ട യോഗ്യത സംബന്ധിച്ചു ധാരണയുണ്ട്.

എം ന്റെ സാന്നിദ്ധ്യത്തിൽ ആർ എസ് എസ് നേതാക്കളുമായി കൂടിയിരിക്കാനും ചർച്ചചെയ്ത് ചില ഒത്തുതീർപ്പുകളിലെത്താനും സി പി എം തയ്യാറായ കാര്യം പുറത്തുവന്നിട്ടുണ്ടല്ലോ. ആ ഒത്തുതീർപ്പുകൾ ആർ എസ് എസ്സിന്റെ അജണ്ടാമാറ്റത്തിന്റെ തുടക്കമായിരുന്നു. കണ്ണൂരിലും കേരളത്തിലും നിശ്ശബ്ദവും മതാത്മകവും ആചാരബദ്ധവുമായ ഹിന്ദുത്വശീല വ്യാപനവും അതിനനുകൂലമായ രാഷ്ട്രീയ സമ്മത നിർമ്മാണവും രൂപപ്പെടുത്താൻ അവർ സമയം കണ്ടെത്തി. സി പി എം ഭരണവ്യവഹാരങ്ങളുടെ ലഹരിയിൽ അടിത്തട്ടു ജീവിതത്തിന്റെ അടിയൊഴുക്കുകൾ കാണാതെ പോവുകയോ പതുക്കെയുള്ള കീഴടങ്ങലിന് പരുവപ്പെടുകയോ ചെയ്തു. ഈ അന്തരീക്ഷമാണ് ബി ജെ പിക്ക് ഒരു ചുവടു മുന്നോട്ടുവെച്ച് സി പി എമ്മിനെ ഒന്നു ചെറുതാക്കാൻ വഴിയൊരുക്കിയത്.

ഇവിടെ സി പി എമ്മിന്റെ ശ്രദ്ധക്കുറവ് അവർ അനുഭവിക്കട്ടെ എന്നു കരുതി മാറി നിൽക്കാനാവില്ല. ഇടതുപക്ഷ - സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയങ്ങളുടെ മണ്ണാണ് അവർ ഉഴുതുമറിച്ച് പ്രതിലോമകരമായ ഒരു റിവൈവലിസ്റ്റ് വിളവെടുപ്പിന് പാകപ്പെടുത്തുന്നത്. കേരളത്തിൽ വേരുറക്കില്ലെന്നു കരുതിയ ജാതിഹിന്ദുത്വ രാഷ്ട്രീയമാണ് ഇവിടെ വേരു പടർത്തി ഉറച്ചു നിൽക്കാൻ ശേഷി നേടുന്നത്. തകരുന്നത് ഇടതുപക്ഷ രാഷ്ട്രീയം മാത്രമല്ല ജനാധിപത്യ രാഷ്ട്രീയംകൂടിയാണ്. ആ ജാഗ്രത രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കണ്ടു എന്നത് ആശ്വാസകരമാണ്.

വിപുലവും ശക്തവുമായ ഒരു ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്. അത് ഒരു തെരഞ്ഞെടുപ്പു മുന്നണിയായല്ല സമരമുന്നണിയായാണ് പ്രവർത്തിക്കേണ്ടത്. ഫാഷിസ്റ്റ് വിരുദ്ധ ആശയ സമരങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും ആവണം ഊന്നൽ.

അറിഞ്ഞോ അറിയാതെയോ ജാതിഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രകടവും പരോക്ഷവുമായ ദല്ലാൾ പണി ഏറ്റെടുത്തു നടത്തുന്ന വ്യക്തികളെയും സംഘങ്ങളെയും തിരുത്താൻ പര്യാപ്തമായ മുന്നേറ്റമാണ് ഇവിടെ രൂപപ്പെടേണ്ടത്. വൈകുന്ന ഓരോ നിമിഷവും നാം ആപത്തിലേക്ക് തലകുത്തി വീഴുകയാണ്. ഒരു ലക്ഷ്യത്തിൽ ഒരു മനസ്സായി ചേർന്നു നിൽക്കാനുള്ള പൊതു ഇടങ്ങൾ ഉണ്ടാവണം. ഉണ്ടാക്കണം." 

Full View




Tags:    
News Summary - Left thinker Azad Malayattil criticizes BJP state vice president C. Sadanandan's nomination to Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.