ഇടുക്കി: കുയിലിമലയിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കണ്ണൂർ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ധീരജിൻ്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദേശം പൊലീസിനു നൽകിയിട്ടുണ്ട്. ധീരജിൻ്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിലായി. ബസിൽ യാത്രചെയ്യുന്നതിനിടെ ഇടുക്കി കരിമണലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിഖിൽ പൈലി ഉൾപ്പെടെ കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതുന്ന ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.
നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജെറിൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ. കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ് ധീരജ്. അഭിജിത്, അമൽ എന്നീ വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്. കാമ്പസിൽ പൊലീസിന്റെ സാന്നിധ്യമുള്ളപ്പോൾ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിൻസിപ്പൾ ജലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.