കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റുനില വർധിപ്പിച്ച് വെൽഫെയർ പാർട്ടി. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും 56 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 16 മുനിസിപ്പാലിറ്റി സീറ്റുകളിലുമാണ് വെൽഫെയർ പാർട്ടി വിജയം നേടിയത്. 2020ലെ തെരഞ്ഞെടുപ്പിൽ ആകെ 65 സീറ്റുകളിലായിരുന്നു പാർട്ടി സ്ഥാനാർഥികൾ ജയിച്ചത്.
കഴിഞ്ഞ തവണ യു.ഡി.എഫുമായി സഹകരിച്ച് മൂന്ന് സീറ്റുകളിൽ ജയിച്ച കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിൽ ഇത്തവണ ഒറ്റക്ക് മത്സരിച്ച് നാല് വാർഡുകളിൽ വെൽഫെയർ പാർട്ടി വിജയം സ്വന്തമാക്കി. നേരത്തെ യുഡിഎഫ് സഖ്യത്തിലായിരുന്നു വിജയിച്ചിരുന്നത്. അന്ന് മൂന്നു സീറ്റുകളിൽ വിജയിച്ചിരുന്നെങ്കിലും ഇത്തവണ സഖ്യമുണ്ടായിരുന്നില്ല.
കണക്കുപറമ്പ് ഡിവിഷൻ 18ൽ വെൽഫെയർ പാർട്ടിയുടെ മുഹമ്മദ് നസീം വിജയിച്ചത് 108 വോട്ടുകൾക്കാണ്. നസീം 396 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ സ്വതന്ത്ര സ്ഥാനാർഥി ശശീന്ദ്രൻ പി.സി 288 വോട്ടുകളാണ് നേടിയത്. മംഗലശ്ശേരി 19 ഡിവിഷനിൽ നിന്നും വിജയിച്ച ശഫീഖ് മാടായിയാണ് വെൽഫെയർ പാർട്ടി ടിക്കറ്റിൽ വിജയിച്ച രണ്ടാമത്തെയാൾ. 191 വോട്ടുകൾക്കാണ് ശഫീഖ് മാടായി വിജയിച്ചത്. 464 വോട്ടുകളാണ് ശഫീഖ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ മുസ്‍ലിം ലീഗിലെ അബ്ദുൽ ജബ്ബാർ 273 വോട്ടുകൾ നേടി. 124 വോട്ടുകൾ നേടി സിപിഎമ്മിന്റെ ഇംതിഹാസ് എൻ മൂന്നാമതായി. ചേന്ദമംഗല്ലൂർ 20 ഡിവിഷനിലെ വി. ബനൂജയാണ് വെൽഫെയർ പാർട്ടി ടിക്കറ്റിൽ വിജയിച്ച മൂന്നാമത്തെ സ്ഥാനാർഥി. 77 വോട്ടുകൾക്കാണ് ബനൂജ വിജയിച്ചത്. ബനൂജ 434 വോട്ടുകൾ നേടിയപ്പോൾ രണ്ടാമത് എത്തിയ കോൺഗ്രസിലെ ജസീല 357 വോട്ടുകൾ നേടി. വെൽഫെയർ പാർട്ടി പിന്തുണയോടെ മത്സരിച്ച പുൽപ്പറമ്പിൽ ജസീലയാണ് വിജയിച്ച നാലാമത്തെ സ്ഥാനാർഥി. 58 വോട്ടുകൾക്കാണ് ജസീല വിജയിച്ചത്. ജസീല 401 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ സ്വതന്ത്ര സ്ഥാനാർഥി റംല ഗഫൂർ 343 വോട്ടുകളാണ് നേടിയത്.
കൊടിയത്തൂർ പഞ്ചായത്ത് 16ാം വാർഡിൽ മുഹമ്മദ് യൂസഫ്(ബാബുക്ക) വിജയിച്ചു. എറണാകുളം നെല്ലിക്കുഴി പഞ്ചായത്ത് 14ാം വാർഡിൽ രാഹുൽ തങ്കപ്പൻ, മലപ്പുറം വാഴക്കാട് പഞ്ചായത്ത് 14ാം വാർഡിൽ ഹഫ്സ ടീച്ചർ, പാലക്കാട് ആലത്തൂർ പഞ്ചായത്ത് 18ാം വാർഡിൽ കെ. സതീഷ്, എറണാകുളം വാഴക്കുളം പഞ്ചായത്ത് വാർഡ് 20ൽ അജ്ഫാസ് മരക്കാർ, കൊല്ലം കുളത്തുപ്പുഴ പഞ്ചായത്ത് 12ാം വാർഡിൽ ഷെഫീക്ക് ചോഴിയക്കോട് , കൊല്ലം അലയമൺ പഞ്ചായത്ത് 14ാം വാർഡിൽ അസീമ ബീഗം, കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് 20ാം വാർഡിൽ എം കെ ഫാത്തിമ, കണ്ണൂർ വളപട്ടണം പഞ്ചായത്ത് 13ാം വാർഡിൽ സൈനബ ടീച്ചർ, ഇരിക്കൂർ പഞ്ചായത്തിൽ നലീഫ ടീച്ചർ, കോഴിക്കോട് അരിക്കുളം പഞ്ചായത്ത് 8ാം വാർഡിൽ ജസീന പി എം തുടങ്ങിയവർ വെൽഫെയർ പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.