കണ്ണൂർ: വാട്ടർ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഷിങ് നിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് വയോധികനെ വാഹനമിടിച്ച് വീഴ്ത്തിയത്. കാർത്തികപുരത്തെ ഹയാസ് ഹബ് ഉടമ ഇസ്മായിലിനാണ് പരിക്കേറ്റത്.
എറിക്സൺ ജോയി എന്ന യുവാവാണ് അക്രമിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രാവിലെ വാഹനം സർവീസിന് നൽകിയ എറിക്സൻ വൈകുന്നേരം വാഹനം തിരികെ എടുക്കാൻ എത്തിയതായിരുന്നു. എന്നാൽ, നിരക്കുമായി ബന്ധപ്പെട്ട് ജീവനക്കാരോട് തർക്കമുണ്ടാകുകയും ഇടപ്പെട്ട ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
വാക്ക് തർക്കത്തിനൊടുവിൽ പുറത്തിറങ്ങി വണ്ടിയിൽ കയറിയ ഇയാൾ വാഹനം പിറകോട്ടെടുത്ത ശേഷം മുന്നിൽ നിന്ന ഇസ്മയിലിന് നേർക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇസ്മായിൽ നിലത്ത് തെറിച്ച് വീഴുകയും ചെയ്തു.
തുടർന്ന്, ജീവനക്കാർ ഓടിയെത്തി വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വാഹനവുമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇസ്മായിലിനെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറിക്സനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.