വിഴിഞ്ഞത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ശ്രമം; നടക്കുന്നത് സമരമല്ല കലാപമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ലെന്നും ആസൂത്രിത അക്രമമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവിടെ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിനെ മറിച്ചിടുന്നതിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ മുദ്രാവാക്യമാണ്. എളുപ്പവഴി ഉപയോഗിച്ച് സർക്കാരിനെ തകർക്കാൻ ആരും ശ്രമിക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മുൻനിർത്തിക്കൊണ്ടാണ് ഒരു ഘട്ടത്തിൽ വിഴിഞ്ഞത്ത് സമരം തുടങ്ങിയത്. ആ സമരത്തിന്റെ ഭാഗമായി ഉയർത്തിയ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആറ് പ്രശ്നങ്ങളും പരിഹരിക്കാനുള്ള സർക്കുലർ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പണി തുടരരുത് എന്ന നിർദേശം മാത്രമേ സർക്കാർ അംഗീകരിക്കാ​ത്തതുള്ളൂ.

പദ്ധതി നിർമാണം നിർത്തിവെക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കും. വികസനത്തിന് ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് വിഴിഞ്ഞം തുറമുഖം. 50,000 കോടിയുടെ നിക്ഷേപം വരാൻ സാധ്യതയുള്ള ഒരു തുറമുഖമാണ്. ആ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് തൊഴിലാളികളെ മുൻനിർത്തി തുടങ്ങിയ സമരം. ജനാധിപത്യപരമായി സമരം നടത്താൻ ആർക്കും അവകാശമുണ്ട്.

എന്നാൽ ഇപ്പോൾ നടക്കുന്ന സമരത്തിൽ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ യാദൃശ്ചികമായി സംഭവിച്ചതല്ല. വ്യക്തമായി ആസൂത്രണം ചെയ്തതാണ്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നാണ് ഒരു വൈദികൻ പരസ്യമായി പ്രഖ്യാപനം നടത്തിയത്. കേട്ടുകേൾവിയില്ലാത്ത തരത്തിൽ ആയുധമേന്തിയുള്ള സമരമാണ് അവിടെ നടന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

മന്ത്രി അബ്ദുറഹ്മാനെ വർഗീയവാദി എന്നു വിളിച്ചത് നാക്കുപിഴയല്ല. വർഗീയതയുടെ അങ്ങേയറ്റമാണത്. തിരുവസ്ത്രത്തിന്റെ മാന്യത പോലും കാണിക്കാതെയാണ് തിയോഡേഷ്യസ് ആ പ്രയോഗം നടത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Attempt to implement RSS agenda in Vizhinjam - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.