അട്ടപ്പാടി: ചീഫ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് ഒരു വർഷം

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് ഒരു വർഷം. റവന്യൂ ഉദ്യോഗസ്ഥർ അന്വേഷണം ഇപ്പോഴും തുടരുകയാണ്. മുൻ ചീഫ് സെക്രട്ടറി വി. വേണു, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർക്ക് അട്ടപ്പാടിയിലെ ആദിവാസികൾ 2024 ജനുവരിയിലാണ് ഭൂമികൈയേറ്റം സംബന്ധിച്ച പരാതി നൽകിയത്.  തുടർന്നാണ് ചീഫ് സെക്രട്ടറി പാലക്കാട് കളക്ടറേറ്റിൽ ജനുവരി 19ന് അവലോകനയോഗം ചേർന്നത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതികൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ആദിവാസി ഭൂമി സംബന്ധിച്ച വിഷയങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അതിര്‍ത്തി, ഭൂമിയുടെ തരം എന്നിവ സംബന്ധിച്ച രേഖകള്‍ കൃത്യമായിരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനായി സർവേ നടത്തണം. വനഭൂമിയിലും എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലും ഡിജിറ്റല്‍ സര്‍വേയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ആദിവാസി ഭൂമി കൈയേറുകയോ അന്യാധീനപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇതുവരെ റവന്യൂ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരുടെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. കുറുക്കനെ കോഴിക്കൂടിന് കാവൽ ഏൽപ്പിച്ചതുപോലെയാണ് അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നാണ് ആദിവാസികൾ പറയുന്നത്. വ്യാജ ആധാരങ്ങൾ ഉണ്ടാക്കി ഭൂമി കൈമാറ്റം നടത്തുന്നതിന് കൂട്ടുനിന്നവർ തന്നെ അന്വേഷണം നടത്തിയാൽ സത്യം പുറത്തു വരില്ലെന്നാണ് ആദിവാസികളുടെ വിലയിരുത്തൽ.

അതേസമയം, റിപ്പോർട്ട് നൽകാൻ വൈകുന്നതിന് കാരണം എന്താണെന്ന് വ്യക്തമല്ല. ആദിവാസികൾ പരാതിയിൽ ആവശ്യപ്പെട്ടത് പ്രത്യേക സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നാണ്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അട്ടപ്പാടിയില്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികവര്‍ഗ വികസനം, ആരോഗ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി അന്ന് ആവശ്യപ്പെട്ടിരുന്നു.

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ ആരോഗ്യത്തിലും പോഷകാഹാരം ഉറപ്പുവരുത്തുന്നതിലും പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിക്കുന്നതിനും പ്രസവശൂശ്രൂഷക്കും ഉള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ശിശുക്കളുടെ ആരോഗ്യത്തിലും ശ്രദ്ധ വേണം. ജനനം മുതല്‍ തന്നെ ഓരോ വ്യക്തിക്കുമുള്ള പദ്ധതികള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പാക്കണം. പ്രസവം, ജനനം, ആരോഗ്യം, പോഷകനിലവാരം, രോഗങ്ങള്‍, മരണനിരക്ക് തുടങ്ങി എല്ലാ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിച്ച് കൃത്യമായി സൂക്ഷിക്കണം.

ഇവ കൃത്യമായ ഇടവേളകളില്‍ പഠനവിധേയമാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ഉന്നത തലത്തില്‍ അറിയിക്കേണ്ടവ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇതിനെല്ലാം ആരോഗ്യവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഡോ. വി. വേണു നിർദേശം നൽകിയിരുന്നു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 2024 ജനുവരിയിൽ ചേര്‍ന്ന യോഗത്തില്‍ മുൻ ജില്ലാ കലക്ടർ ഡോ. എസ്. ചിത്രയും പങ്കെടുത്തിരുന്നു. എന്നാൽ,  ആദിവാസികളുടെ ഭൂമി വ്യജരേഖയുണ്ടാക്കി തട്ടിയെടുത്തതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. 

Tags:    
News Summary - Attapadi: It has been a year since the chief secretary asked for the report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.