പാലക്കാട്: ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്സ്പിയർ പണ്ടേ പറഞ്ഞതാണ്. എന്നാൽ, പേരിൽ പലതുമിരിക്കുന്നുണ്ട്. അത് ഒരാനയുടേതാകുമ്പോൾ കുറച്ചു കൂടുതലും. കഴിഞ്ഞ വർഷമാണ് അട്ടപ്പാടിയിൽനിന്ന് പീലാണ്ടി എന്ന കൊലകൊമ്പനെ വനംവകുപ്പ് നല്ല നടപ്പിനായി എറണാകുളത്തെ കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. അട്ടപ്പാടിയെ വിറപ്പിച്ചവനായിരുന്നു പീലാണ്ടി.
കോടനാട്നിന്ന് ‘മര്യാദ’ പഠിച്ച് തിരിച്ചിറങ്ങിയ പീലാണ്ടിയെ അധികൃതർ പേരുമാറ്റി കോടനാട് ചന്ദ്രശേഖരനാക്കി. ആനകൾക്കാകുമ്പോൾ ‘തലയെടുപ്പുള്ള’ പേരുതന്നെ വേണമെന്ന വനംവകുപ്പിെൻറ നിർബന്ധമാണ് പേരുമാറ്റത്തിന് കാരണം. പക്ഷേ അട്ടപ്പാടിക്കാർക്ക് അത് ഇഷ്ടപ്പെട്ടില്ല. പീലാണ്ടിയെ അതേ പേരിൽ തന്നെ തിരിച്ചുവേണമെന്നാണ് അവരുടെ ആവശ്യം. ഇതിനായി മുഖ്യമന്ത്രിക്കുവരെ പരാതി പോയി.
പീലാണ്ടി എന്ന പേരിനു പിന്നിൽ
അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ വിറപ്പിച്ച കൊമ്പൻ സ്വൈര്യം കെടുത്തി. ഒമ്പതുപേരുടെ ജീവനാണ് ഈ കൊമ്പൻ കവർന്നത്. ഈ ആന കൊലപ്പെടുത്തിയ ആദ്യത്തെ ആളുടെ പേരായിരുന്നു പീലാണ്ടി. ആദിവാസിയായിരുന്ന പീലാണ്ടിയുടെ ഓർമക്കായി ആനക്കും അതേ പേര് നൽകിയെന്നാണ് അട്ടപ്പാടിക്കാർ പറയുന്നത്. പീലാണ്ടിക്ക് ഇരയാകുന്നവരുടെ എണ്ണം കൂടിയതോടെ ഭയം ആരാധനക്ക് വഴിമാറി.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് പീലാണ്ടി ദൈവമാണ്. ഒമ്പതു പേരുടെ ജീവനെടുത്തിട്ടും ആദിവാസികൾക്ക് പീലാണ്ടി പ്രിയപ്പെട്ടവനായി. വനംവകുപ്പ് കോടനാടേക്ക് കൊണ്ടുപോയതിന് ശേഷം പീലാണ്ടിയെ കാണാൻ അട്ടപ്പാടിയിൽനിന്ന് ആദിവാസികൾ പോയിരുന്നു. ആദിവാസി ഊരിലെ കുട്ടികളടക്കമുള്ള 51 പേർ പീലാണ്ടിയെ കാണാൻ ശർക്കരയും പഴവുമായെത്തിയത് വാർത്തയായി.
ചന്ദ്രശേഖരൻ വേണ്ട, പീലാണ്ടി മതി
ആനകളുടെ പേരിടലിന് പിന്നിൽ പഴയ ഫ്യൂഡൽ കാഴ്ചപ്പാടാണെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബോബൻ മാട്ടുമന്ത പറയുന്നു. ‘‘അട്ടപ്പാടിക്കാരുടെ സ്നേഹഭാജനമായ പീലാണ്ടിക്ക് ആ പേരുമതി. മുഖ്യമന്ത്രി പീലാണ്ടിയെന്ന ആദിവാസി പേര് നൽകിയാൽ അതു ചരിത്രമാകും’’-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.