ആതിര കൊലപാതകം: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് തന്നെ, കൂടെ വരാനുള്ള ആവശ്യം നിരസിച്ചത് കൊലക്ക് കാരണമെന്ന് പൊലീസ്

തിരുവനന്തപുരം: കഠിനംകുളത്ത് ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത് തന്നെയെന്ന് പൊലീസ്. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. 

ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു ഇയാൾ. ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നത്. ഇതാണ് വലിയ അടുപ്പത്തിലേക്ക് നയിച്ചത്. ഇതിനിടെ, കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചത് കൊലപാതകത്തിന് വഴിതെളിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടെ വരണമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി ആതിര ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ, ഇത്, പുറത്ത് പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതായി ഭർത്താവ്​ പൊലീസിന് മൊഴിനൽകിയിരിക്കുകയാണ്.

കൊലപ്പെടുത്താനുളള അവസരം നോക്കി ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പൊലീസ് റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Athira murder The accused is an Instagram friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.