പ്രതി രാമചന്ദ്രൻ പോറ്റി 

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ

അരൂർ (ആലപ്പുഴ): എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണംപോയ സംഭവത്തിൽ കീഴ്ശാന്തിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ്കല്ലട രാം നിവാസിൽ രാമചന്ദ്രൻ പോറ്റിയാണ് (42) പിടിയിലായത്. തിരുവാഭരണത്തിലെ കിരീടം ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണം വിഷുദിനത്തിലാണ് മോഷണം പോയത്. 26.59 ഗ്രാം തൂക്കം വരുന്ന കിരീടം, രണ്ട് നെക്ലസുകൾ, 10 പവൻ വരുന്ന മാല എന്നിവ ഉൾപ്പെടെ ഇരുപത് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിൽ കിരീടം മാത്രമാണ് കണ്ടെടുത്തത്.

തിരുവാഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ കീഴ്ശാന്തിയെയും കാണാതായിരുന്നു. കീഴ്ശാന്തിയെ കുറിച്ച് ഒരു വിവരവും ക്ഷേത്രത്തിൽ ആർക്കും ഇല്ലാതിരുന്നത് പൊലീസിനെ കുഴക്കി. ഐ.ഡി കാർഡ് പോലും ക്ഷേത്രം ഭാരവാഹികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പകരം ജീവനക്കാരൻ ആയിട്ടാണ് പല ക്ഷേത്രങ്ങളിലും ഇയാൾ ജോലി ചെയ്തിരുന്നത്. ചെല്ലാനത്തുള്ള വൈഷ്ണവി ക്ഷേത്രത്തിലും ഇയാൾ കീഴ്ശാന്തിയായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ബാക്കിയുള്ള ആഭരണങ്ങൾ പരിശോധിച്ചപ്പോൾ അവ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത് പൊലീസിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി. തുടർന്ന് അന്വേഷണസംഘത്തെ മൂന്നാക്കി തിരിച്ച് രണ്ട് ടീമുകളെ കൊല്ലം ജില്ലയിലേക്കും, എറണാകുളം ജില്ലയിലേക്കും അന്വേഷണത്തിന് അയക്കുകയും ഒരു ടീമിനെ ടെക്നിക്കൽ വിങ്ങാക്കി നിലനിർത്തിയുമാണ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിനിടെ പ്രതി എറണാകുളം ജില്ല വിട്ട് പോയിട്ടില്ലെന്ന് ബോധ്യമായി. കൊല്ലം ജില്ലയിലെ അന്വേഷണസംഘവും എറണാകുളത്തെത്തി തിരച്ചിൽ തുടരുകയായിരുന്നു. എറണാകുളത്തെ രണ്ടുദിവസത്തെ തുടർച്ചയായ തിരച്ചിലിനൊടുവിൽ പ്രതിയെ ദർബാർ ഹാൾ ഗ്രൗണ്ടിനടുത്തുള്ള ശിവക്ഷേത്രത്തിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. അതിനിടെ, ഇയാൾ സ്വർണം തേവര ഫെഡറൽ ബാങ്കിൽ പണയംവെച്ചതായും കണ്ടെത്തി. പണം മുഴുവനും ഇയാൾ ഷെയർ ട്രേഡിങ്ങിനായി ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നു.

പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. തുടർനടപടികൾ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഉണ്ടാകുമെന്ന് അരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ അറിയിച്ചു. 

Tags:    
News Summary - assistant priest arrested in temple jewellery theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.